ഇന്ന് (ജൂൺ 26) ലോക ലഹരി വിരുദ്ധ ദിനം. മയക്കു മരുന്നിന്‍റെ ഉപയോഗവും അനധികൃത കടത്തും തടയുന്നതിനായി ലോകത്താകമാനം ജൂൺ 26ന് ലഹരി വിരുദ്ധ ദിനം ആചരിച്ചുവരുന്നു.
ചരിത്രം
സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരുക്കുന്ന ലഹരിയെന്ന വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുക എന്ന ലക്ഷ്യവുമായാണ് 1987 മുതൽ ഐക്യരാഷ്ട്ര സഭ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തുടങ്ങിയത്. അമിത ലഹരിയുടെ ഉപയോഗത്തിൽ നിന്നും യുവാക്കളെ കരകയറ്റുക, മയക്കുമരുന്നിന്‍റെ ഉപയോഗം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് യുവാക്കളിൽ അവബോധം വളർത്തുക എന്നിവയാണ് ലോക ലഹരി വിരുദ്ധ ദിനത്തിന്‍റെ ലക്ഷ്യം. ചൈനയിലെ ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ഇല്ലാതാക്കാൻ ലീൻ സെക്‌സു നടത്തിയ പരിശ്രമങ്ങളുടെ ഓർമപ്പെടുത്തൽ എന്ന നിലയിലാണ് ലഹരി വിരുദ്ധ ദിനം ആചരിച്ചുപോരുന്നത്.
പ്രാധാന്യം
ലോകമെമ്പാടും ലഹരി ഉപയോഗവും അനധികൃത കടത്തും വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ ദിനത്തിന്‍റെ പ്രാധാന്യം ഏറെയാണ്. കുട്ടികളും കൗമാരപ്രായക്കാരുമുൾപ്പെടെയുള്ളവർ വിവിധ തരത്തിലുള്ള ലഹരികൾക്ക് അടിമപ്പെടുന്ന അവസ്ഥയാണ് നിലവിൽ. ഉപയോഗത്തോടൊപ്പം തന്നെ ഏജന്‍റുമാരിൽ നിന്ന് ലഹരി വസ്തുക്കൾ വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതിലും യുവാക്കളുടെ പങ്ക് ഏറെയാണ്. ലോക്ക്ഡൗൺ സമയത്ത് പോലും പല രൂപത്തിലും ഭാവത്തിലും ലഹരി മരുന്നുകൾ കടത്തി. ലഹരി മരുന്നിന്‍റെ ഒഴുക്ക് ഇപ്പോഴും തുടരുന്നുവെന്ന് കാട്ടിത്തരുന്നതാണ് എക്സൈസ് പിടിച്ചെടുത്ത ലഹരി വസ്തുക്കൾ.
ഈ സാഹചര്യത്തിലാണ് ലഹരി വിരുദ്ധ ദിനം ആചരിക്കേണ്ടതിന്‍റെ പ്രാധാന്യം ഏറുന്നത്. ലഹരി വിരുദ്ധ ദിനത്തിൽ എക്സൈസ് വകുപ്പ്, നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ, ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്ന് വിഭാഗമായ യുണൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്സ് ആന്‍ഡ് ക്രൈം(യുഎൻഒഡിസി) എന്നിവയുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും സ്കൂളുകളിലും കോളേജുകളിലും പ്രതിജ്ഞ ഉൾപ്പെടെയുള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.
പ്രമേയം
ജീവൻ രക്ഷിക്കാൻ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്കുവയ്ക്കുക (Share facts on drugs. Save lives) എന്നതാണ് 2021ലെ ലഹരി വിരുദ്ധ ദിനത്തിന്‍റെ ഔദ്യോഗിക പ്രമേയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചാരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ വർഷത്തെ പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത്.
മയക്കുമരുന്നിനെതിരെ സർക്കാർ
വിനാശകരമായ മയക്കുമരുന്ന് സമൂഹത്തിൽ നിന്ന് ഇല്ലാതാക്കാൻ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകൾ പങ്ക് വയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധതരാണെന്നും മയക്കുമരുന്ന് മുക്ത ഇന്ത്യയാണ് ലക്ഷ്യമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ എല്ലാത്തരം മയക്കുമരുന്ന് ഉപയോഗങ്ങൾക്കെതിരെയും കർശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് നിന്നും ലഹരി ഇല്ലാതാക്കുന്നതിന് പ്രവർത്തിച്ച നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെയും അമിത് ഷാ അഭിനന്ദിച്ചു.