ന്യൂഡൽഹി: ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ പരമാവധി റീട്ടെയിൽ വില (എംആർപി) നിശ്ചയിക്കുന്നതിനുള്ള നടപടി കൊണ്ടുവരുന്നതായി കേന്ദ്രം ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ഇതിനായുള്ള പ്രവർത്തനങ്ങൾ നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) ആരംഭിച്ചതായും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ കീർത്തിമാൻ സിങ് ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ വിപിൻ സംഘി, ജാസ്‌മീത് സിങ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അടുത്ത തിങ്കളാഴ്‌ച കൂടുതൽ വാദം കേൾക്കും.
പൾസ് ഓക്സിമീറ്റർ, ഓക്സിജൻ കോൺസെൻട്രേറ്ററുകൾ എന്നിവയുടെ എല്ലാ നിർമാതാക്കളോടും ഇറക്കുമതിക്കാരോടും ഏഴ് ദിവസത്തിനുള്ളിൽ എംആർപി വിശദാംശങ്ങൾ സമർപ്പിക്കാൻ എൻപിപിഎ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ എംആർപി ഒരു വർഷത്തിൽ പത്ത് ശതമാനത്തിൽ കൂടുതൽ വർധിപ്പിക്കാൻ കഴിയില്ലെന്നും എൻപിപിഎയുടെ ഓഫീസ് മെമ്മോറാണ്ടത്തിൽ പറയുന്നു.
ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ വില നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. അഭിഭാഷകരായ സഞ്ജീവ് സാഗർ, നാസിയ പർവീൻ എന്നിവരിലൂടെ മനീഷാ ചൗഹാനാണ് അപേക്ഷ സമർപ്പിച്ചത്. അവശ്യ ചരക്ക് നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരം മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കാൻ ഡൽഹി സർക്കാരോട് നിർദേശിക്കണമെന്ന് അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കൊവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകളുടെ കരിഞ്ചന്ത, പൂഴ്‌ത്തിവയ്‌പ് പോലുള്ള കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി രൂപീകരിക്കാനും ഇതിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: രാജ്യത്താകമാനം നല്‍കിയത് 21.89 കോടിയിലധികം കൊവിഡ് വാക്സിൻ ഡോസുകള്‍