ന്യൂഡൽഹി: 40ൽ അധികം രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ മേഖലയിൽ രാജ്യത്തിൻ്റെ വർധിച്ചുവരുന്ന കഴിവുകളാണ് ഇത് സൂചിപ്പിക്കുന്നത്. പ്രതിരോധ മേഖലയിൽ കേന്ദ്ര ബജറ്റ് ഫലപ്രദമായി നടപ്പാക്കുന്നതിനായി സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാ ഗ്രഹത്തിൽ എത്തിച്ചേരാൻ ശേഷിയുള്ള രാജ്യത്തിന് ആധുനിക ആയുധങ്ങൾ നിർമിക്കാനും പൂർണ പ്രാപ്‌തിയുണ്ട്. പ്രതിരോധ മേഖലയിൽ സ്വാശ്രയത്വം കൈവരിക്കാനാണ് രാജ്യം പ്രയത്‌നിക്കുന്നത്. അതിന് ഉദാഹരണമാണ് ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് വിമാനം. പ്രതിരോധ ഉൽപന്നങ്ങളുടെ നിർമാണം വർധിപ്പിക്കുന്നതിനായി കേന്ദ്രം 100 ഉൽപന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാനുള്ള പട്ടിക തയാറാക്കിക്കഴിഞ്ഞു. ഇത് നമ്മെ സ്വാശ്രയരാക്കുമെന്നും രാജ്യത്തിൻ്റെ നിർമാണശേഷി മെച്ചപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. 'ആത്‌മനിർഭർ' പദ്ധതിയിലൂടെ രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിക്കാനും ഇത് സഹായകമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ആയുധങ്ങളും വെടിക്കോപ്പുകളും നിർമിക്കുന്നതിൽ ഇന്ത്യക്ക് നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്ന്, രണ്ട് ലോക മഹായുദ്ധ കാലങ്ങൾക്ക് മുൻപ് ഇന്ത്യ ആയുധങ്ങളും വെടിക്കോപ്പുകളും കയറ്റുമതി ചെയ്‌തിരുന്നു. എന്നാൽ സ്വാതന്ത്ര്യാനന്തരം സ്ഥിതി വഷളായി. ചെറിയ ആയുധങ്ങൾക്ക് പോലും ഇന്ത്യക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട ഗതി വന്നു. എന്നാൽ ഇന്ന് ഇന്ത്യയുടെ സ്ഥിതി മാറിയെന്നും അദ്ദേഹം പറഞ്ഞു. മഹാമാരി പ്രതിസന്ധിയിൽ വെൻ്റിലേറ്ററുകൾ നിർമിക്കുന്നതിനുള്ള ശേഷി വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിൽ മൂലധന വിഹിതത്തിൽ 19 ശതമാനം വർധനയുണ്ടായി. കുറഞ്ഞ ചെലവിൽ ഉൽപാദനവും ഗുണനിലവാരവുമുള്ള ഉൽപന്നവും ഉത്പാദിപ്പിക്കാൻ ഇന്ത്യക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.