ധാർ (മധ്യപ്രദേശ്): വീട് നിര്‍മാണത്തിനിടെ കുഴിച്ചെടുത്ത സ്വര്‍ണ നാണയങ്ങള്‍ വീതിച്ചെടുത്ത തൊഴിലാളികള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. എട്ട് നിര്‍മാണ തൊഴിലാളികളെയാണ് സംഭവത്തില്‍ അറസ്റ്റു ചെയ്‌തത്.
ധാര്‍ ജില്ലയിലെ ചിട്‌നിസ് ചൗക്കില്‍ നിര്‍മാണത്തിലിരിക്കുന്ന വീടിന്‍റെ തകര്‍ന്ന മതില്‍ മാറ്റുന്നതിനിടെയാണ് സ്വര്‍ണ നാണയങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത്. നാണയങ്ങള്‍ ലഭിച്ച ഉടന്‍ പൊലീസിനെ അറിയിക്കാതെ തൊഴിലാളികള്‍ പങ്കിട്ട് എടുക്കുകയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ ചോദ്യം ചെയ്യുകയും ഇവരില്‍ നിന്ന് 86 സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്തുകയും ചെയ്‌തു.
ഏകദേശം ഒരു കിലോയില്‍ അധികം വരുന്ന നാണയങ്ങള്‍ക്ക് വിപണിയില്‍ 60 ലക്ഷം രൂപ വരുമെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ ദേവേന്ദ്ര കുമാര്‍ പാട്ടിദാര്‍ പറഞ്ഞു. നാണയങ്ങളുടെ പുരാവസ്‌തു പ്രാധാന്യം പരിശോധിച്ച് വരികയാണ്. തൊഴിലാളികളുടെ കൈവശം കൂടുതല്‍ നാണയങ്ങള്‍ ഉണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഗ്വാളിയോർ ജില്ലയിലെ ഹിമ്മത്‌ഗഡ് ഗ്രാമത്തിൽ നിന്നുള്ള തൊഴിലാളികളാണ് അറസ്റ്റിലായത്.