ഹൈദരാബാദ്: ഏതൊരു വ്യക്തിയുടെയും ജീവിതത്തിലും വളര്‍ച്ചയിലും അവരെ സ്വാധീനിച്ച സ്‌ത്രീകള്‍ ഉറപ്പായും കാണും. പുരുഷന്മാരെ സംബന്ധിച്ച് അവര്‍ കൈവരിച്ച വിജയത്തില്‍ നിർണായക പങ്കുവഹിച്ചത് അമ്മയോ, ഭാര്യയോ മകളോ സുഹൃത്തോ എല്ലാമായുള്ള സ്‌ത്രീയാണെന്ന് തുറന്നു സമ്മതിക്കാറുമുണ്ട്. 2023 ലെ വനിതദിനം അടുക്കവെ തങ്ങളുടെ വിജയങ്ങള്‍ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച ഏതാനും സെലിബ്രിറ്റികള്‍ അവരെ സ്വാധീനിച്ച സ്‌ത്രീകളെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവയ്‌ക്കുന്നത് ഇങ്ങനെയാണ്.
ദളപതിയുടെ ഹീറോ: തെന്നിന്ത്യയുടെ സൂപ്പര്‍ സ്‌റ്റാറും സ്‌റ്റൈല്‍മന്നനുമെല്ലാമായി ആരാധകരുടെ ഹൃദയത്തില്‍ തന്‍റേതായ ഇടം കണ്ടെത്തിയയാളാണ് ചലച്ചിത്ര താരം രജനികാന്ത്. വനിതദിനത്തില്‍ താരം ഓര്‍ക്കുന്നത് അദ്ദേഹത്തിന് കരുത്തുപകര്‍ന്ന സുഹൃത്തും സാമൂഹ്യ പ്രവര്‍ത്തകയുമായ റെജിനയേയാണ്. സിനിമ ചിത്രീകരണത്തിരക്കിനിടയിലും വൈവാഹികബന്ധങ്ങളൊന്നും തന്നെയില്ലാതെ തന്‍റെ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുകയും സ്‌നേഹം പകരുകയും ചെയ്‌ത സുഹൃത്തിനെ രജനികാന്ത് ഓര്‍ക്കുന്നത് ഇങ്ങനെയാണ്: തുടർച്ചയായി 17 സിനിമകൾ ചെയ്‌തതിന് ശേഷം സമ്മർദത്തെ തുടർന്ന് താന്‍ ആശുപത്രിയിലായപ്പോൾ റെജിന സ്വന്തം മകനെപ്പോലെ പെരുമാറുകയും പരിചരിക്കുകയും ചെയ്‌തു. മാസങ്ങളോളം അവര്‍ ഒപ്പമുണ്ടായിരുന്നത് തന്‍റെ അസുഖം സുഖപ്പെടുത്താൻ സഹായിച്ചുവെന്നും ക്ഷമയും സ്നേഹവുമുള്ള അവരെ താന്‍ തന്‍റെ റോൾ മോഡലായി കാണുന്നുവെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.
അമ്മയാണ്, പോരാളിയാണ്: ആഗോളഭീമനായ മൈക്രോസോഫ്‌റ്റിന്‍റെ സിഇഒയും ഇന്ത്യക്കാരുടെ അഭിമാനവുമായ സത്യ നദെല്ല നന്ദി രേഖപ്പെടുത്തിയത് സെറിബ്രൽ പാൾസിയും മറ്റ് മാനസിക വിഷമതകളുമായി ജനിച്ച തന്‍റെ മകൻ സെയ്‌നിനെ പരിചരിച്ച തന്‍റെ പങ്കാളി അനുപമ നദെല്ലയെ ആയിരുന്നു. ഒരു അമ്മയെന്ന നിലയിൽ അനുവിന്‍റെ അർപ്പണബോധത്തെയും അധ്വാനത്തെയും അഭിനന്ദിച്ച അദ്ദേഹം പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞിന് മാതാവായ ഓരോരുത്തരും പോരാളിയാണെന്നും വ്യക്തമാക്കി. "പ്രത്യേക പരിഗണനകള്‍ ലഭിക്കേണ്ട ഒരാളെ പരിപാലിക്കുന്നത് എത്രമാത്രം ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. സെറിബ്രൽ പാൾസിയും മറ്റ് മാനസിക ബുദ്ധിമുട്ടുകളുമായി ജനിച്ച ഞങ്ങളുടെ മകന്‍ സെയ്‌നിനെ പരിപാലിക്കുന്നതിനൊപ്പം എന്നെയും രണ്ട് പെണ്‍കുഞ്ഞുങ്ങളെയും അനു പരിചരിച്ചു" എന്ന് സത്യ നദെല്ല പറഞ്ഞു. തളരാതെ മുന്നേറുന്ന ഇത്തരം വനിതകളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്നും തങ്ങളുടെ പ്രൊഫഷണൽ ജീവിതത്തിലെ ഓരോ ചെറിയ പ്രശ്‌നങ്ങളെയും ഭൂതക്കണ്ണാടിയിലൂടെ നോക്കികാണുന്നവര്‍ രോഗികളോട് ഇത്തരക്കാരെ കണ്ടുപഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഊര്‍ജം തന്ന്' മറഞ്ഞവള്‍: കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കര്‍ വനിതാദിനത്തില്‍ ഓര്‍ത്തത് അന്തരിച്ച തന്‍റെ സഹപ്രവര്‍ത്തകയും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിനെയാണ്. അവരുടെ ദീർഘവീക്ഷണത്തെയും, ജീവനക്കാരോടുള്ള സമീപനത്തെയും, വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കുന്നതിലെ അർപ്പണബോധത്തെയും അഭിനന്ദിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. തനിക്ക് മുന്നോട്ടുപോകാനുള്ള ഊര്‍ജം പകര്‍ന്നത് അവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദേശത്തുള്ള ഇന്ത്യക്കാരുമായി ഞങ്ങളുടെ ബന്ധം ശക്തമാകുന്നത് അവര്‍ കാരണമാണ്. വളരെ ബഹുമാനത്തോടെയും വാത്സല്യത്തോടെയുമാണ് അവര്‍ താഴെ തട്ടിലുള്ള ജീവനക്കാരോട് പെരുമാറിയിരുന്നത്. പലവിധ പ്രശ്‌നങ്ങളുമായി വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നിരവധി പേർക്ക് സഹായമായ അവരുടെ ദീർഘവീക്ഷണം തനിക്കിഷ്‌ടമാണെന്നും എസ്.ജയ്‌ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
മദര്‍ തെരേസ എന്ന അത്‌ഭുത വനിത: അതേസമയം വ്യവസായിയും കോടീശ്വരനും മനുഷ്യസ്‌നേഹിയുമായ ശിവ് നാടാർ തന്നെ സ്വാധീനിച്ച വനിതയായി അറിയിച്ചത് മദര്‍ തെരേസയേയാണ്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂളുകൾ നിർമിക്കുക, സബ്‌സിഡി എത്തിക്കുക തുടങ്ങി അദ്ദേഹത്തെ സ്വാധീനിച്ച മാര്‍ഗങ്ങളും ശിവ് നാടാർ വ്യക്തമാക്കി. താന്‍ പഠനകാലത്താണ് അവരെക്കുറിച്ച് അറിയുന്നതെന്നും എന്നാല്‍ തന്‍റെ മകളിലും ഇതേ സേവനത്തിന്‍റെ വെളിച്ചം തെളിയിച്ച മദറിനെ അതുകൊണ്ടാണ് താന്‍ പ്രചോദനമായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'തല'യ്‌ക്കുമുണ്ട് പറയാനേറെ: എന്നാല്‍ ക്രിക്കറ്റിലെ ക്യാപ്‌റ്റന്‍ കൂളും ടീം ഇന്ത്യയെ വിജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് കൈപിടിച്ചു നടത്തിയയാളുമായ മഹേന്ദ്ര സിങ് ധോണി വനിതദിനത്തില്‍ തന്‍റെ ആദരമര്‍പ്പിച്ചതാവട്ടെ വിഖ്യാത ഗായിക ലത മങ്കേഷ്‌കറിനായിരുന്നു. ഗായികയായുള്ള അവരുടെ ജീവിതം തന്നെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി.
സ്‌കൂളില്‍ പ്രവേശനം ലഭിക്കാതിരുന്നത്, സ്വരം മോശമാണെന്ന് പറഞ്ഞ് സിനിമ ഗാനങ്ങള്‍ പാടുന്നതുള്‍പ്പടെ അവസരങ്ങള്‍ നല്‍കാതിരുന്നത് തുടങ്ങി ആദ്യകാലങ്ങളില്‍ ലതാജി ഒരുപാട് അപമാനങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ഒട്ടും വൈകാരികമായല്ലാതെയാണ് അവര്‍ ഇവരോടെല്ലാം ഇടപെട്ടിരുന്നതെന്നും ഹിന്ദുസ്ഥാനി ശാസ്‌ത്രീയ സംഗീതം അഭ്യസിച്ച് ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ അവര്‍ എന്നും തനിക്ക് ഒരു പ്രചോദനമായിരുന്നു എന്ന് ധോണി കൂട്ടിച്ചേര്‍ത്തു.