ബാഗേശ്വർ: ഡെറാഡൂണിലെ കമേഡി ദേവി-രംഗത്താര-മജ്ഗാവ്-ചൗനാല പ്രദേശത്ത് റോഡ് നിര്‍മാണ പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ മുറിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്തെ സ്ത്രീകള്‍ മരങ്ങള്‍ കെട്ടിപ്പിടിച്ച് പ്രതിഷേധം. സർപഞ്ച് കമല മേത്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
വനം വെട്ടിത്തെളിച്ച് റോഡ് നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരാഖണ്ഡിലെ കുന്നുകളിലെ നീതിദേവതയായ 'കോട്ട്ഗരി ദേവി'യുടെ വനമാണതെന്നും അവകാശപ്പെട്ടായിരുന്നു പ്രതിഷേധം. മക്കളെപ്പോലെ മരങ്ങൾ സംരക്ഷിക്കുമെന്ന് പരിപാടിയില്‍വെച്ച് സ്ത്രീകൾ പ്രതിജ്ഞയെടുത്തു. പ്രസിദ്ധമായ ചിപ്കോ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിച്ച്, അതിന്‍റെ ഭാഗമായ നൂറുകണക്കിന് സ്ത്രീകളാണ് പരിപാടിയില്‍ പങ്കെടുത്തത്.
1973ൽ ഉത്തരാഖണ്ഡിൽ ആരംഭിച്ച വനസംരക്ഷണ പ്രസ്ഥാനമാണ് ചിപ്കോ. സുന്ദർലാൽ ബാഹുഗുണ പ്രസ്ഥാനത്തെ ലോകശ്രദ്ധയിലേക്കെത്തിച്ചു. 1980ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സംസ്ഥാനത്തെ ഹിമാലയൻ വനങ്ങളിൽ മരങ്ങൾ വെട്ടിമാറ്റുന്നത് 15 വർഷത്തേക്ക് നിരോധിച്ചതോടെ ഈ പ്രസ്ഥാനം വലിയ വിജയം നേടി. പിന്നീട് ബിഹാർ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, കർണാടക എന്നിവിടങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.