താനെ: നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാകാത്ത ഒഴിഞ്ഞ കെട്ടിടത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ഏഴാം നിലയില്‍ നിന്ന് താഴെ വീണ് 19 വയസുകാരി മരിച്ചു. മഹാരാഷ്‌ട്രയിലെ നവി മുംബൈയില്‍ വ്യാഴാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ മരണത്തെ തുടര്‍ന്ന് സുഹൃത്തുക്കളായ രണ്ട് ആണ്‍കുട്ടികളെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് പൊലീസ്: ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കൊപ്പം പണി പൂര്‍ത്തിയാകാത്ത ഒഴിഞ്ഞ കെട്ടിടത്തിന്‍റെ ഏഴാം നിലയില്‍ നിന്നും മദ്യപിക്കുകയായിരുന്നു പെണ്‍കുട്ടി. ഈ സമയം കെട്ടിടത്തില്‍ നിന്നും കാല്‍വഴുതി വീണ് സംഭവ സ്ഥലത്ത് തന്നെ ഇവര്‍ മരണപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും പൊലീസിന് വ്യക്തമാകുന്നത്. എങ്കിലും സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ് സംഭവസ്ഥലത്തെത്തി പെണ്‍കുട്ടിയുടെ മൃതദേഹം അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി അയച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ ചോദ്യം ചെയ്‌തുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
പീഡനത്തിന് ശേഷം യുവതിയെ കൊലപ്പെടുത്തി: അതേസമയം, കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ ഹോസ്‌റ്റല്‍ മുറിയില്‍ 19കാരിയായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മുംബൈ മറൈന്‍ ഡ്രൈവിലെ സാവിത്രിഭായി ഫുലെ ഗേള്‍സ് ഹോസ്‌റ്റലിലെ മുറിയില്‍ കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മുറി പുറത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നുവെന്ന് അസിസ്‌റ്റന്‍റ് പൊലീസ് കമ്മിഷണര്‍ അഭിനവ് ദേശ്‌മുഖ് മാധ്യമങ്ങളോട് പറഞ്ഞു.
ഹോസ്‌റ്റല്‍ അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. ഹോസ്‌റ്റലില്‍ ജോലി ചെയ്‌തിരുന്നയാള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് മുതല്‍ ഹോസ്‌റ്റല്‍ ജീവനക്കാരനായ ഓംപ്രകാശ് കനോജിയയെ കാണാതായിരുന്നു.
സംഭവസ്ഥലത്ത് നിന്നും ആവശ്യമായ സാമ്പിളുകള്‍ ഫോറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം മറൈന്‍ ഡ്രൈവ് പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും എസിപി കൂട്ടിച്ചേര്‍ത്തു.
അതിനിടെ സംഭവസ്ഥലത്ത് നിന്നും കാണാതായ ഹോസ്‌റ്റല്‍ ജീവനക്കാരന്‍ ഓംപ്രകാശ് കനോജിയ ആത്മഹത്യ ചെയ്‌തതായി കണ്ടെത്തി. കേസില്‍ അറസ്‌റ്റ് ഭയന്നാണ് കനോജിയ റെയില്‍ പാളത്തില്‍ ആത്മഹത്യ ചെയ്‌തതെന്നാണ് പൊലീസ് സംശയിക്കുന്നത്. ചാര്‍ണി റോഡ് റെയില്‍വേ സ്‌റ്റേഷന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
വിവാഹത്തില്‍ നിന്നും പിന്മാറിയതിന് യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു: ബിഹാറില്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ യുവാവ് കുത്തിപരിക്കേല്‍പ്പിച്ചു. ഡിഗ്ഗി പഞ്ചായത്തിലെ ബരിബേല സ്വദേശി ചന്ദന്‍കുമാറാണ് പെണ്‍കുട്ടിയെ 12 തവണ കഠാര ഉപയോഗിച്ച് കുത്തിയത്. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിയായ ചന്ദന്‍കുമാറിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.