ന്യൂഡല്‍ഹി: ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ മൂന്നാം നമ്പര്‍ ഡിപാര്‍ച്ചര്‍ ടെര്‍മിനലില്‍ നവജാത ശിശുവിന് ജന്മം നല്‍കി കര്‍ണാടക സ്വദേശിയായ യുവതി. തങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരനെ മൂന്നാം നമ്പര്‍ ടെര്‍മിനലിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് സസ്‌നേഹം സ്വാഗതം ചെയ്‌തു. തുടര്‍ന്ന് അമ്മയേയും കുഞ്ഞിനെയും എയര്‍പോര്‍ട്ട് കോംപ്ലക്‌സിലെ സ്വകാര്യ ആശുപത്രിയായ മെഡാന്‍റ ഫെസിലിറ്റിയില്‍ പ്രവേശിപ്പിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജ്: 'ഞങ്ങളുടെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരനെ സ്വാഗതം ചെയ്യുന്നു. മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ കുഞ്ഞിന്‍റെ ജനനം ആഘോഷിക്കുകയാണ്. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെ മെഡാന്‍റ ഫെസിലിറ്റിയിലുണ്ട്' എന്ന് വിമാനത്താവളത്തിലെ അധികൃതര്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ #NewBorn #YoungestPassengeratDEL #DELCares എന്ന ഹാഷ്‌ടാഗില്‍ കുറിച്ചു.
മെഡിക്കല്‍ അത്യാഹിതങ്ങള്‍ ഉണ്ടാകുമ്പോള്‍ യാത്രക്കരെ പരിചരിക്കുന്നതിനായി സദാസമയവും മികച്ച പരിശീലനം നേടിയ ഡോക്‌ടര്‍മാരും സംഘവും മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ ഉണ്ടാവും. എയര്‍പോര്‍ട്ട് ടെര്‍മിനലിലെ മെഡാന്‍റ മെഡിക്കല്‍ സെന്‍റര്‍ അടിയന്തര ചികിത്സ കേന്ദ്രങ്ങളാല്‍ സജ്ജമാണ്. ഫോര്‍ടിസ് ഗ്രൂപ്പ് മേല്‍നോട്ടം വഹിക്കുന്ന മെഡാന്‍റ ഫെസിലിറ്റി മൂന്നാം നമ്പര്‍ ടെര്‍മിനലിലും പ്രവര്‍ത്തിക്കുന്നു.
'ആരോഗ്യമുള്ള കുഞ്ഞിന്‍റെ സുരക്ഷിതമായ ജനനത്തിന് സഹായിച്ച ഡല്‍ഹിയിലെ വിമാനത്താവളത്തിലെ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ പ്രവര്‍ത്തിക്കുന്ന മെഡാന്‍റ മെഡിക്കല്‍ ക്ലിനിക്കിലെ ഡോക്‌ടര്‍മാരുടെ സംഘത്തിന് അഭിനന്ദനങ്ങള്‍. ഇതാദ്യമായാണ് ഇന്ദിര ഗാന്ധി വിമാനത്താവളത്തില്‍ ഒരു കുഞ്ഞ് ജനിക്കുന്നതെന്ന്' നവജാത ശിശുവിന്‍റെ ഫോട്ടോ പങ്കുവച്ചുകൊണ്ട് മെഡാന്‍റ ട്വീറ്റ് ചെയ്‌തു.
ഗര്‍ഭധാരണത്തിന് ശേഷം അമ്മമാര്‍ക്ക് യാത്ര ചെയ്യാനുള്ള നടപടികള്‍ ഇങ്ങനെ: ഗര്‍ഭധാരണത്തിന് ശേഷമുള്ള 32-ാം ആഴ്‌ചയില്‍ ആരോഗ്യവതിയായ അമ്മയ്‌ക്ക് യാത്ര ചെയ്യാം. എയര്‍ ഇന്ത്യയുടെ കാര്യത്തില്‍ പ്രസവചികിത്സ വിദഗ്‌ധനില്‍ നിന്നും ഫിറ്റ് ടു ഫ്ലൈ സർട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ ഗര്‍ഭധാരണത്തിന് ശേഷമുള്ള 35-ാം ആഴ്‌ചയില്‍ യാത്ര ചെയ്യാം. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് എടുത്തതിന് ശേഷമുള്ള മൂന്ന് ദിവസം മാത്രമെ യാത്ര സാധ്യമാകുകയുള്ളു. ഇന്‍ഡിഗോയുടെ കാര്യത്തിലാണെങ്കില്‍ 36-ാം ആഴ്‌ചയില്‍ യാത്ര ചെയ്യാന്‍ സാധിക്കും.
ഇരട്ടക്കുട്ടികളുടെ ഗര്‍ഭധാരണം, ഒരു പ്രസവത്തില്‍ മൂന്ന് കുട്ടികള്‍ ജനിക്കുന്നത് തുടങ്ങിയ ഏതെങ്കിലും വിധമുള്ള സങ്കീര്‍ണമായ ഗര്‍ഭധാരണം നടത്തിയ അമ്മമാര്‍ക്ക് 32-ാം ആഴ്‌ചയ്‌ക്ക് ശേഷവും യാത്ര ചെയ്യാന്‍ എയര്‍ ഇന്ത്യ അനുവദിക്കില്ല. ഗര്‍ഭധാരണത്തിന് ശേഷമുള്ള 35-ാം ആഴ്‌ചയില്‍ യാത്ര ചെയ്യണമെങ്കില്‍ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍, മെഡിക്കല്‍ സേവനരംഗത്തെ അധികൃതര്‍ തുടങ്ങിയവര്‍ പൂരിപ്പിച്ച എയര്‍ഇന്ത്യയുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഇന്‍ഡിഗോയുടെ കാര്യത്തില്‍ മെഡിക്കല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ കമ്പനിയുടെ ഡോക്‌ടര്‍മാര്‍ പ്രസവചികിത്സ നടത്തിയ ഡോക്‌ടര്‍മാരുമായി സംസാരിച്ചതിന് ശേഷമെ യാത്രയ്‌ക്കായുള്ള അനുമതി സാധ്യമാകുകയുള്ളു.