ന്യൂഡൽഹി : ബിഎസ്‌പി എംപിക്കെതിരെ ആരോപണം ഉന്നയിച്ച് സുപ്രീം കോടതിക്ക് പുറത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു.
റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു 24കാരിയുടെ മരണം. യുവതിക്ക് 85 ശതമാനം പൊള്ളലേറ്റിരുന്നു.
ഓഗസ്റ്റ് 16നാണ് യുവതിയും ആൺ സുഹൃത്തും സുപ്രീം കോടതിക്ക് പുറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുഹൃത്ത് ചികിത്സയിലിരിക്കെ ശനിയാഴ്‌ച മരിച്ചിരുന്നു.
സംഭവത്തില്‍ ഐപിസി 309ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ദീപക് യാദവ് വ്യക്തമാക്കി.
ALSO READ: ആര്യയുടെ പേരിൽ 'ഒരു വടക്കൻ സെൽഫി തട്ടിപ്പ്' ; ആൾമാറാട്ട പ്രതികൾ ചെന്നൈയിൽ പിടിയിൽ
2019ലാണ് ബിഎസ്‌പി എംപി അതുൽ റായിക്കെതിരെ യുവതി ബലാത്സംഗ പരാതി ഉന്നയിച്ചത്. ഉത്തർപ്രദേശിലെ ഗാസിപൂർ സ്വദേശിയാണ് ആരോപണം ഉന്നയിച്ച യുവതി. കേസിൽ അതുൽ റായ് രണ്ട് വർഷമായി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ആത്മഹത്യാശ്രമത്തിന് മുമ്പ് യുവതിയും സുഹൃത്തും ഫേസ്‌ബുക്ക് ലൈവിൽ വന്നിരുന്നു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥർ കുറ്റാരോപിതനായ എം.പിയെ സഹായിക്കുകയാണെന്ന് യുവതി ലൈവിൽ ആരോപിച്ചു.
അലഹബാദ് കോടതിയിൽ നിന്ന് കേസ് ഡൽഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് യുവതി മാർച്ചിൽ സുപ്രീം കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയില്‍, ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.