കോയമ്പത്തൂർ (തമിഴ്‌നാട്): പൊള്ളാച്ചിയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പാലക്കാട് സ്വദേശിയായ സ്‌ത്രീയും കൗമാരക്കാരിയായ മകളും അറസ്റ്റിൽ. 34കാരിയായ ഷമീനയും, ഇവരുടെ 14കാരിയായ മകളുമാണ് അറസ്റ്റിലായത്. പാലക്കാട് നിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇരുവരെയും ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്‌ച(3.07.2022) പുലർച്ചെയാണ് നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇവരെ കണ്ടെത്താൻ 12 പ്രത്യേക സംഘങ്ങളെ പൊലീസ് രൂപീകരിച്ചിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊള്ളാച്ചിയിൽ നിന്ന് ബസിൽ കയറി പാലക്കാട്ടേക്ക് ട്രെയിനിൽ യാത്ര ചെയ്‌ത ഇരുവരെയും പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു. ഉടൻ തന്നെ പ്രത്യേക സംഘത്തിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ പാലക്കാട് കൊടുവായൂരില്‍ എത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. തിങ്കളാഴ്‌ച പുലർച്ചെ അഞ്ച് മണിയോടെ കുഞ്ഞിനെ അമ്മ ദിവ്യഭാരതിക്ക് കൈമാറി.
ഭർത്താവ് ഉപേക്ഷിച്ച് പോയ യുവതിക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ടെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.