ന്യൂഡല്‍ഹി: ശ്രദ്ധ വാക്കര്‍ കൊലപാതകം പുറത്തു വന്നതിന് പിന്നാലെ ഡല്‍ഹിയില്‍ സമാനമായൊരു കൊലപാതകം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം 10 കഷണങ്ങളായി വെട്ടിമുറിച്ച് വിവിധ ഭാഗങ്ങളില്‍ ഉക്ഷേപിച്ച സംഭവത്തില്‍ യുവതിയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് ഈ ക്രൂര കൃത്യം നടന്നത്.
അഞ്ജന്‍ ദാസ് എന്നയാളെ ഭാര്യ പൂനവും മകന്‍ ദീപകും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മെയ് 30നാണ് അഞ്ജന്‍ ദാസ് കൊല്ലപ്പെട്ടത്. ജൂണ്‍ 5 ന് കല്യാണ്‍പുരിയിലെ രാംലീല മൈതാനത്ത് നിന്ന് ഇയാളുടെ ശരീര ഭാഗങ്ങള്‍ പൊളിത്തീന്‍ കവറിലാക്കിയ നിലയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മൃതദേഹം വെട്ടിമുറിച്ച് നാല് ദിവസങ്ങളിലായാണ് വിവിധ ഭാഗങ്ങളില്‍ കൊണ്ട് പോയി ഉക്ഷേപിച്ചത്. തല ഇവര്‍ കുഴിച്ചിടുകയായിരുന്നു. ഭാര്യയുടെ മുന്‍ വിവാഹത്തിലുള്ള മകളോടും മകന്‍റെ ഭാര്യയോടും കൂടുതല്‍ അടുപ്പം കാണിക്കുന്നു എന്ന സംശയത്തിലാണ് ഭാര്യയും മകനും അഞ്ജന്‍ ദാസിനെ കൊലപ്പെടുത്തിയത്.
ഇയാളുടെ ശരീര ഭാഗങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ച ഫിഡ്‌ജും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, തെറ്റായ വിവരം നല്‍കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പൂനത്തിനും മകന്‍ ദീപക്കിനുമെതിരെ പൊലീസ് കേസെടുത്തത്. രാംലീല മൈതാനത്തിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കുടുക്കിയത്. ശരീരഭാഗങ്ങള്‍ നിറച്ച പൊളിത്തീന്‍ കവറുകള്‍ ഉപേക്ഷിക്കാനെത്തിയത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.