ഭൂജ്: ലൈറ്റ് സ്പോര്‍ട്‌സ് എയര്‍ക്രാഫ്റ്റില്‍ വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി വനിത പൈലറ്റായ ആരോഹി പണ്ഡിറ്റ്. വെള്ളിയാഴ്‌ച (15.10.21)ന് ഗുജറാത്തിലെ ഭുജ് വിമാനത്താവളത്തില്‍ നിന്നും കുഞ്ഞന്‍ വിമാനത്തില്‍ ആരോഹി മുംബൈയില്‍ എത്തും. 1932ല്‍ ജെആര്‍ഡി ടാറ്റ കറാച്ചിയില്‍ നിന്നും ഇന്ത്യയിലേക്ക് പറത്തിയ വിമാനത്തിന്‍റെ സമാന മാതൃകയിലുള്ള വിമാനമാണ് ആരോഹിയും ഉപയോഗിക്കുന്നത്.
ഇതേ റൂട്ടിലാണ് ആരോഹി മുംബൈയില്‍ എത്തുക. ഇന്ത്യന്‍ വനിത പൈലറ്റ് അസോസിയേഷനാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ലൈറ്റ് സ്പോർട്സ് എയർക്രാഫ്റ്റിൽ (എൽഎസ്എ) അറ്റ്ലാന്‍റിക്ക്, പസഫിക് സമുദ്രം കടന്ന ലോകത്തിലെ ആദ്യ വനിത പൈലറ്റാണ് ആരോഹി.
Also Read: സൂരജിന് 4642-ാം നമ്പര്‍ ; ഉത്രയുടെ കൊലയാളിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി
സിംഗിൾ എഞ്ചിൻ ഡി ഹാവിലാൻഡ് പാസ് മോത്ത് വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. സമാന വിമാനമാണ് 89 വർഷം മുമ്പ് ജെആർഡി ടാറ്റ ഉപയോഗിച്ചത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എയർ ട്രാവൽ സർവീസ് പ്രൊവൈഡർ ആയ സുമേരു ഏവിയേഷൻ സർവീസസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മെഹുൽ ജോഷിയാണ് ഇക്കാര്യം അറിയിച്ചത്.
വിമാനത്തിൽ 60 ലിറ്ററിൽ താഴെ ഇന്ധനം മാത്രമാണ് ഉണ്ടാകുക. 500 നോട്ടിക്കൽ മൈൽ ദൂരം ഇത്രയും ഇന്ധനം ഉപയോഗിച്ച് താണ്ടാനാകും. അഞ്ച് മണിക്കൂര്‍ നിര്‍ത്താതെ പറക്കാം. ഭുജ് റൺവേയിൽ നിന്നാണ് ആരോഹി പറന്നുയർന്ന് മുംബൈയില്‍ ലാൻഡ് ചെയ്യും.