മുംബൈ : ചെന്നൈ എക്സ്‌പ്രസ് ട്രെയിനില്‍ കാണാതായ 17 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണം കണ്ടെത്തി നല്‍കി റെയില്‍വേ പൊലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം. തെലങ്കാനയില്‍ നിന്നും മുംബൈയിലേക്ക് യാത്രചെയ്ത നാഗമ്മ ശിവലിങ്കിനിയുടെ ബാഗാണ് കാണാതായത്. കുടുംബത്തേടൊപ്പം തെലങ്കാനയിലെ കൃഷ്ണ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ ട്രെയിനില്‍ കയറിയത്.
മുംബൈയില്‍ എത്തിയ കുടുംബം ഇറങ്ങി ലഗേജുകള്‍ പരിശോധിച്ചെങ്കിലും സ്വര്‍ണം വച്ചിരുന്ന ബാഗ് നഷ്ടമായി. ഇതിനിടെ ട്രെയിന്‍ സ്റ്റേഷന്‍ വിട്ടിരുന്നു. ഇതോടെ നാഗമ്മ അടുത്ത ലോക്കല്‍ ട്രെയിനില്‍ കയറി ട്രെയിന്‍ നിര്‍ത്താന്‍ സാധ്യതയുള്ള സിഎസ്ടി സ്റ്റേഷനില്‍ എത്തി. ഈ സമയം ചെന്നൈ എക്സ്‌പ്രസ് സിഎസ്ടി സ്റ്റേഷനില്‍ ഉണ്ടായിരുന്നു.
Also Read: പൂപ്പാറ വില്ലേജ് ഓഫിസിൽ അക്രമം ; അടിച്ചുതകര്‍ത്ത് മൂന്നംഗ സംഘം
തുടര്‍ന്ന് ഇവര്‍ ബോഗിയില്‍ കയറി തെരഞ്ഞെങ്കിലും ബാഗ് കണ്ടെത്താനായില്ല. ബാഗ് കളവ് പോയെന്ന് സംശയിച്ച നാഗമ്മ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. കേസ് ഏറ്റെടുത്ത പൊലീസ് കോണ്‍സ്റ്റബിള്‍ ഈശ്വര്‍ യാദവ് ഉടന്‍ ട്രെയിന്‍ എവിടെയെന്ന് അന്വേഷിച്ചു. ഇതോടെയാണ് ശൂചീകരണത്തിനായി മാസ്ഗോണിലെ യാഡിലേക്ക് മാറ്റിയ കാര്യം അറിഞ്ഞത്.
ഉടന്‍ ഇവിടെക്ക് തിരിച്ച പൊലീസ് ബോഗിയില്‍ കയറി പരിശോധിക്കുകയും ബാഗ് കണ്ടെത്തുകയുമായിരുന്നു. ബാഗില്‍ അഞ്ച് സ്വര്‍ണ മാലകള്‍, 7 ബ്രേസ്‌ലെറ്റ്, 5 മോതിരം, 6 കൂട്ടം കമ്മലുകള്‍ എന്നിവയാണ് ഉണ്ടായിരുന്നത്. ഇത് ഏകദേശം 326 ഗ്രാം തൂക്കം വരും. 16.85 ലക്ഷം രൂപയാണ് പൊലീസ് സ്വര്‍ണത്തിന് കണക്കാക്കിയത്. തുടര്‍ന്ന് കുടുംബത്തിന് കൈമാറി.