നൈനിറ്റാൾ : പാമ്പ് പിടുത്തക്കാരന്‍റെ സഹായത്തോടെ ആൺ സുഹൃത്തിനെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി യുവതിയും സുഹൃത്തും. രാംപൂർ റോഡിലെ താമസക്കാരനും ഓട്ടോ ഷോറൂം വ്യാപാരിയുമായ അങ്കിത് ചൗഹാൻ (32) ആണ് പാമ്പിന്‍റെ കടിയേറ്റ് മരിച്ചത്. ജൂലൈ 14ന് രാത്രിയോടെ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഹൽദ്വാനിയിലാണ് സംഭവം.
അങ്കിതിന്‍റെ കാമുകിയായ മഹി തന്‍റെ പുതിയ സുഹൃത്തായ ദീപ് കാണ്ഡപാലുമായി കൂടുതൽ അടുക്കുകയും അവളുടെ പുതിയ പ്രണയത്തിന് തടസം നിന്ന അങ്കിത് ചൗഹാനെ ഒഴിവാക്കുന്നതിനു വേണ്ടി കൊലപാതകം നടത്തുകയും ആയിരുന്നു. കൃത്യം നടത്തുന്നതിനായി സുഹൃത്തുമായി ഗൂഢാലോചന നടത്തിയ യുവതി, ഉദ്ദം സിങ് നഗറിൽ നിന്നുള്ള ഒരു പാമ്പ് പിടുത്തക്കാരന്‍റെ സഹായം തേടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതിയായ യുവതി ജൂലൈ 14 ന് അങ്കിത് ചൗഹാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പാമ്പ് പിടുത്തക്കാരനായ രാംനാഥിന്‍റെ സഹായത്തോടെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ അബോധാവസ്ഥയിലായ അങ്കിതിനെ കാറിൽ കയറ്റി കൊണ്ടുപോയി ഗോല ബൈപ്പാസിലെ റോഡരികിൽ വാഹനം ഉപേക്ഷിക്കുകയും ചെയ്‌തു. മഹിയുടെ വീട്ടിലെ ജോലിക്കാരിയും കൊലപാതകത്തിന് സഹായിച്ചിട്ടിണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പാമ്പ് പിടുത്തക്കാരന്‍ രാംനാഥിനെ അറസ്റ്റ് ചെയ്‌തു. മഹി, ദീപ് കാണ്ഡപാൽ, മഹിയുടെ വീട്ടിലെ ജോലിക്കാരി എന്നിവർ ഒളിവിലാണ്. കൊലപാതകത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും ഉടൻ വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൃത്യത്തിന് ശേഷം മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ ഹൽദ്വാനി ഹൈവേയിലെ തീൻ പാനി ബൈപാസ് റോഡിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ മൃതദേഹം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. സ്വഭാവിക മരണമായി വരുത്തിതീർക്കാൻ കാറിലെ എസി ഓൺ ചെയ്‌ത ശേഷമാണ് പ്രതികൾ കടന്നുകളഞ്ഞത്.
ജൂലൈ 15 ന് ഹൽദ്വാനി നഗരത്തിൽ, ഹൈവേയുടെ വശത്ത് പാർക്ക് ചെയ്‌തിരുന്ന കാറിന്‍റെ പിൻസീറ്റിൽ ഒരു മൃതദേഹം ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. അകത്തുനിന്ന് പൂട്ടിയ കാറിൽ എസി ഓണായിരുന്നതായി പൊലീസ് പറഞ്ഞു.
അസ്വഭാവിക മരണത്തിൽ പൊലീസ് കേസെടുത്തിരുന്നു. കാറിനകത്ത് ശ്വാസം മുട്ടിയാണ് അങ്കിതിന്‍റെ മരണം സംഭവിച്ചതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ അങ്കിതിന്‍റെ ഇരുകാലുകളിലും പാമ്പുകടിയേറ്റ പാടുകൾ ഉണ്ടായിരുന്നത് പൊലീസിനെ സംശയത്തിനിടയാക്കി. വിഷപ്പാമ്പാണ് അങ്കിത് ചൗഹാനെ കടിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. അങ്കിതിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ഇതോടെ ഇരയുടെ സഹോദരി ഇഷ ചൗഹാൻ നൽകിയ പരാതിയിൽ പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.
പൊലീസിന് നൽകിയ പരാതിയിൽ ഇഷ ചൗഹാൻ പല പ്രധാന കാര്യങ്ങളും പറഞ്ഞിരുന്നു. ജൂലൈ 14 ന് തന്‍റെ സഹോദരൻ അങ്കിത് പെൺസുഹൃത്തായ മഹിയേയും സുഹൃത്ത് ദീപ് കാണ്ഡപാലിനെയും കാണാനായി പോയിരുന്നു. അതിനുശേഷം വീട്ടിൽ വന്നില്ലെന്നാണ് ഇഷ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കൂടുതൽ മേഖലകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.