പട്‌ന: ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തെന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കി യുവതി. ബിഹാറിലെ ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം യുവതി പരാതി നല്‍കിയത്. തങ്ങള്‍ 24 വര്‍ഷമായി വിവാഹിതരാണെന്നും തങ്ങള്‍ക്ക് മൂന്ന് മക്കളുണ്ടെന്നും യുവതി പറയുന്നു.
തന്നെ നിരന്തരം പീഡിപ്പിക്കുന്നയാളാണ് തന്‍റെ ഭര്‍ത്താവെന്നും നിസാര കാര്യങ്ങള്‍ക്ക് ദിവസങ്ങളോളം മര്‍ദിക്കാറുണ്ടെന്നും തുടര്‍ന്ന് കഴിഞ്ഞ ദിവസം ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്നും യുവതി പരാതിയില്‍ പറയുന്നു. സ്വതന്ത്രമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതെന്നും എന്നാല്‍ അദ്ദേഹം മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തെന്നും യുവതി പരാതിയില്‍ പറയുന്നു.
ഇയാള്‍ നേരത്തെ വിവാഹം ചെയ്‌ത രണ്ട് യുവതികളെ മുത്തലാഖ് ചെയ്‌തിട്ടുണ്ടെന്നും മക്കളുടെ ചെലവിന് പണം ആവശ്യപ്പെട്ട തനിക്ക് പണം നല്‍കിയതിന് ശേഷം ഫോണിലൂടെ മുത്തലാഖ് ചൊല്ലുകയായിരുന്നെന്നും യുവതി പറഞ്ഞു. ഫോണിലൂടെ വിവാഹമോചനം നേടിയെന്നത് സംബന്ധിച്ച് യുവതിയുടെ പരാതി തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ഫുൽവാരി ഷെരീഫ് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് സഫീർ ആലം പറഞ്ഞു.
കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യുവതിയുടെ ഭര്‍ത്താവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുസ്‌ലിം സ്ത്രീകളുടെ (വിവാഹത്തിന്‍റെ അവകാശ സംരക്ഷണം) നിയമം ഉടനടി മുത്തലാഖ് ചൊല്ലുന്നത് നിരോധിച്ചിരിക്കുന്നു. ഈ നിയമ പ്രകാരമുള്ള കുറ്റത്തിന് മൂന്ന് വർഷം വരെ തടവ് ലഭിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റയടിക്ക് മൂന്ന് തവണ തലാഖ് ചൊല്ലി ഭര്‍ത്താവ് ഭാര്യയെ വേര്‍പെടുത്താവുന്ന മുസ്‌ലിം സമുദായത്തിലെ വിവാദമായ ആചാരമാണിത്.
ഈ സമ്പ്രദായം സ്ത്രീകളോട് അനീതി കാണിക്കുന്നുവെന്ന് നിരവധി തവണ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കാരണം നിരവധി സ്‌ത്രീകളാണ് മുത്തലാഖിലൂടെ യാതൊരുവിധ പിന്തുണയുമില്ലാതെ കഴിയേണ്ടി വരുന്നത്. ഇന്ത്യൻ സർക്കാർ 2019ൽ മുസ്‌ലിം സ്ത്രീകളുടെ (വിവാഹത്തിനുള്ള അവകാശ സംരക്ഷണം) നിയമം പാസാക്കി. തൽക്ഷണ മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുകയും തടവ് ശിക്ഷ നൽകുകയും ചെയ്‌തു. ലിംഗ സമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയുള്ള ഒരു ചുവട് വയ്‌പായി ഈ നടപടിയെ പലരും പ്രശംസിച്ചിരുന്നു.
കഴിഞ്ഞ ദിവസവും സമാനമായൊരു വാര്‍ത്ത പുറത്ത് വന്നിരുന്നു. ഭാര്യയെ മുത്തലാഖ് ചെയ്‌ത് ബ്രിട്ടനിലേക്ക് പോകാന്‍ ശ്രമിച്ച് 40കാരനായ ഡോക്‌ടറെ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഡല്‍ഹി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ഒക്‌ടോബറിലാണ് ഇയാള്‍ക്കെതിരെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.
മുത്തലാഖിന് എതിരെ 2017ലാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മുത്തലാഖ് ഭരണഘടന ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി മുത്തലാഖ് സമ്പ്രദായം റദ്ദാക്കുകയായിരുന്നു. മൂന്ന് വര്‍ഷം തടവും പിഴയും ചുമത്താവുന്ന ക്രിമിനല്‍ കുറ്റമാണിതെന്നും കോടതി വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് നിരവധി മുസ്‌ലിം സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നു. മുസ്‌ലിം സമുദായത്തിന്‍റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്ന നിയമം റദ്ദാക്കണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
also read:ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി പണം വാഗ്‌ദാനം ചെയ്ത് മകനെ കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് യുവതി