ലഖ്നൗ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ ആക്രമിച്ച് യുവതി രക്ഷപ്പെട്ടു. ഉത്തർപ്രദേശിലെ മീററ്റിൽ ശനിയാഴ്ചയാണ് സംഭവം. സ്വയം രക്ഷാർഥം യുവതി യുവാവിന്റെ ചുണ്ടുകൾ കടിച്ച് മുറിച്ചാണ് രക്ഷപ്പെട്ടത്. ലവാഡ് സ്വദേശിയായ മോഹിത് സൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ദൗരാല പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ വയലിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന സ്ത്രീയെ പുറകിൽ നിന്ന് യുവാവ് കടന്നുപിടിക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ ഭയന്ന യുവതിയ്ക്ക് ആദ്യം വ്യക്തിയെ തിരിച്ചറിയാനായില്ല. അക്രമി വയലിൽ വച്ച് ബലം പ്രയോഗിച്ച് തന്റെ വസ്ത്രങ്ങൾ അഴിക്കാനും ചുംബിക്കാനും ശ്രമിച്ചപ്പോൾ സ്വയം രക്ഷാർഥം അക്രമിയുടെ ചുണ്ടുകൾ കടിച്ചുമുറിക്കുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ചുണ്ട് മുറിഞ്ഞ് ചോര പൊടിയാൻ തുടങ്ങിയപ്പോൾ വേദന കൊണ്ട് അയാൾ പിടിവിട്ടു. ഈ സമയത്ത് യുവതി ഉറക്കെ നിലവിളിക്കുകയും സംഭവസ്ഥലത്തേയ്ക്ക് പ്രദേശവാസികൾ ഓടികൂടുകയുമായിരുന്നു. നാട്ടുകാർ പിടികൂടിയ പ്രതിയെ സ്ഥലത്തെത്തിയ പൊലീസിന് കൈമാറി. യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ പ്രതിക്കെതിരെ ബലാത്സംഗ ശ്രമത്തിനും പീഡനത്തിനും കേസെടുത്തതായി സ്റ്റേഷൻ ഇൻചാർജ് സഞ്ജയ് കുമാർ ശർമ പറഞ്ഞു. കേസ് അന്വേഷണം പുരോഗമിക്കുകയാണ്.