കലബുര്‍ഗി: കര്‍ണാടകയിലെ കലബുര്‍ഗിയില്‍ ഒരു യുവാവ് വധിക്കപ്പെട്ടതിന്‍റെ പിന്നാമ്പുറ സംഭവങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ഡിറ്റക്ടീവ് നോവലുകളിലോ സിനിമകളിലോ ഉള്ളതിനെക്കാള്‍ ട്വിസ്റ്റുകളാണ് ഈ സംഭവത്തില്‍ ഉള്ളത്. പ്രേമം ചതി, പക, ഹണിട്രാപ്പ് എന്നിവ ഇതിലെ ചേരുവുകളാണ്.
ജൂണ്‍ 24നാണ് കര്‍ണാടകയിലെ ഷുക്കറാവതി ഗ്രാമത്തിലെ ദയാനാന്ദ് ലഡന്‍ന്തി എന്ന 24കാരന്‍ കലബുര്‍ഗി നഗരത്തിലെ പ്രാന്ത പ്രദേശത്തുള്ള വാജ്‌പേയി കോളനയില്‍ വച്ച് കുത്തേറ്റ് മരിക്കുന്നത്. ഗള്‍ഫില്‍ പെയിന്‍ററായി ജോലിചെയ്യുന്ന ദയാനന്ദ് നാട്ടിലെത്തിയിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമെ ആയിരുന്നുള്ളൂ. വസ്‌തു തര്‍ക്കത്തെ തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് ദയാനന്ദ് കൊല്ലപ്പെടുന്നതെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുന്നു.
അന്വേഷണസംഘം കണ്ടെത്തിയത് മറ്റൊന്ന്: ദയാനന്ദിന് ഒരു മിസ്‌ഡ് കോള്‍ വരുന്നു. ആ മിസ്‌ഡ് കോള്‍ അംബിക എന്ന യുവതിയുടെതായിരുന്നു. തിരിച്ചുവിളിച്ച ദയാനന്ദ് അംബികയുമായി സൗഹൃദത്തിലാകുന്നു. വളരെ പെട്ടെന്നുതന്നെ സൗഹൃദം പ്രേമമായി മാറുന്നു.
അംബിക ദയാനന്ദിനോട് കല്‍ബുര്‍ഗിയിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. കല്‍ബുറുഗിയിലെത്തിയ ദയാനന്ദിനെ അംബിക തന്‍റെ സ്‌കൂട്ടറില്‍ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള വാജ്‌പേയി കോളനിയിലേക്ക് കൊണ്ട് പോകുന്നു. അവിടെ അംബികയുടെ സംഘം കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
അവര്‍ ദയാനന്ദിനെ നിഷ്‌ഠൂരമായി കൊല ചെയ്യുന്നു. കൊലപാതകം തന്‍റെ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സിആര്‍പിഎഫില്‍ ജോലി ചെയ്യുന്ന അനിലിന് അയച്ചുകൊടുക്കുന്നു. അനിലിന്‍റെ നിര്‍ദേശ പ്രകാരമാണ് അംബികയും സംഘവും ദയാനന്ദിനെ വധിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. അംബിക പ്രണയം നടിച്ച് ദയാനന്ദിനെ വലയില്‍ വീഴ്‌ത്തുകയായിരുന്നു. തന്‍റെ ഭാര്യയോട് ദയാനന്ദിന് അവിഹിത ബന്ധം ഉള്ളതാണ് അനിലിന് ദയാനന്ദിനോട് വിരോധം തോന്നാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.
അനിലിന്‍റെ ബന്ധുവാണ് ദയാനന്ദ്. വിവാഹിതയതും ഒരു കുട്ടിയുടെ അമ്മയുമായ അംബിക അനിലുമായി പ്രണയത്തിലാണ്. ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. തന്‍റെ ഭാര്യ ദയാനന്ദുമായി അടുപ്പത്തിലാണെന്നറിഞ്ഞപ്പോള്‍ അംബികയുമായുള്ള അനിലിന്‍റെ ബന്ധം ശക്തമാകുകയായിരുന്നു.
അംബിക ഒരു പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ ഓഫിസറായി ജോലിചെയ്യുകയാണ്. അംബികയ്‌ക്കും സംഘത്തിനും ദയാനന്ദിനെ കൊല ചെയ്യാനായി അനില്‍ മൂന്ന് ലക്ഷം രൂപ നല്‍കുകയും ചെയ്‌തു. ദയാനന്ദിനെ കൊലചെയ്യുന്നതിന്‍റെ അംബിക പകര്‍ത്തിയ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവത്തില്‍ അംബികയടക്കം ആറ് പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.