റാഞ്ചി : കാട്ടാന ശല്യത്തില്‍ പൊറുതി മുട്ടി ജാര്‍ഖണ്ഡ്. ഹസാരിബാഗ്, ഛത്ര, ലത്തേഹാർ, ലോഹർദാഗ, റാഞ്ചി എന്നിവിടങ്ങളിലാണ് കാട്ടാന ഭീതി പരത്തുന്നത്. ഒരാഴ്‌ചയ്ക്കിടെ വിവിധയിടങ്ങളിലുണ്ടായ കാട്ടാന ആക്രമണങ്ങളില്‍ 14 പേരാണ് കൊല്ലപ്പെട്ടത്.
ഹസാരിബാഗില്‍ കൊല്ലപ്പെട്ട മൂന്ന് പേരെയും ആക്രമിച്ചത് ഒരേ ആനയാണെന്നാണ് വിലയിരുത്തലെന്ന് പിസിസിഎഫ് ശശികര്‍ സാമന്ത പറഞ്ഞു. ഹസാരിബാഗിലെത്തിയ കാട്ടാനയെ ചത്രയിലെ വനത്തിലേക്ക് തുരത്തിയെങ്കിലും അവിടെ വച്ചും ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തി. ഇറ്റ്‌കി ഗ്രാമത്തില്‍ ഒരു സ്‌ത്രീയുള്‍പ്പടെ നാല് പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ഇറ്റ്‌കി മേഖലയില്‍ വനം വകുപ്പിന്‍റെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റാഞ്ചിയിലെ എസ്‌ഡിഒ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മേഖലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇതിന്‍റെ ഭാഗമായി മേഖലയില്‍ ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. നാലോ അതില്‍ കൂടുതല്‍ ആളുകളോ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടാല്‍ അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.
ആനകളെ നിരീക്ഷിക്കും: ജനവാസ മേഖലയിലെത്തുന്ന കാട്ടാനകളെ തുടര്‍ച്ചയായി നിരീക്ഷിക്കുന്നുണ്ടെന്ന് പിസിസിഎഫ് ശശികര്‍ സാമന്ത പറഞ്ഞു. സാധാരണയായി മൂന്ന് കാരണങ്ങളുണ്ടാകുമ്പോഴാണ് ആനകള്‍ ആക്രമണകാരികളാകുന്നത്. കാട്ടാന കൂട്ടത്തില്‍ നിന്ന് വേര്‍പ്പെട്ട് പോകുമ്പോഴും ആനകളെ കാണുമ്പോള്‍ ജനങ്ങള്‍ കല്ലെറിയുമ്പോഴും മദം പൊട്ടുമ്പോഴും. അതേസമയം മേഖലയിലെത്തിയ ആന മദം ഇളകിയിരുന്നതാണോ കൂട്ടം തെറ്റിയതാണോയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആനയെ കാട്ടാന കൂട്ടവുമായി സംയോജിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് നിലവില്‍ ഊന്നല്‍ നല്‍കുന്നതെന്നും ശശികര്‍ സാമന്ത കൂട്ടിച്ചേര്‍ത്തു.
ശാന്തമാകുമോ അതോ കുങ്കി വേണോ: പരിശ്രമങ്ങള്‍ക്ക് ഫലം കണ്ടില്ലെങ്കില്‍ ആനയെ കണ്ടെത്തി മയക്ക് വെടി വച്ച് കൊണ്ട് പോകേണ്ടി വരുമെന്ന് പിസിസിഎഫ് പറഞ്ഞു. എന്നാല്‍ ഇത്തരത്തില്‍ കൊണ്ട് പോകുന്നത് ഏറെ വെല്ലുവിളിയാണെന്നും ഏതാനും മണിക്കൂറുകള്‍ ഉള്ളില്‍ തന്നെ ആന ബോധം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ആനയെ തളയ്ക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ വനം വകുപ്പില്‍ ഇല്ല.
ആവശ്യം വരുന്നതിന് അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഇത്തരം വിദഗ്‌ധരുടെ സഹായം തേടുമെന്നും ശശികര്‍ അറിയിച്ചു. അതേസമയം കുങ്കിയാനയെ ഉപയോഗിക്കാമെന്ന് വച്ചാല്‍ ജാര്‍ഖണ്ഡില്‍ അവ ലഭ്യമല്ല. അസമില്‍ നിന്ന് കുങ്കിയാനയെ കൊണ്ട് വരേണ്ടി വരുമെന്നും അതിന് ഏറെ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് നിലവില്‍ ആനയെ ഉള്‍വനത്തിലേക്ക് തുരത്താനുള്ള ശ്രമം നടത്തുന്നത്.
ജനങ്ങള്‍ക്ക് കനത്ത സുരക്ഷ: കാട്ടാനകളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് റാഞ്ചി ഡിഎഫ്ഒ പറഞ്ഞു. റാഞ്ചിയില്‍ കാട്ടാനകളെത്തുന്ന മേഖലയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സേനയുടെയും സഹായം തേടിയിട്ടുണ്ടെന്നും നിലവില്‍ ആനയെ ലാംപുങ് വനത്തിലേക്ക് തുരത്താനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്നും ഡിഎഫ് ഒ അറിയിച്ചു.