ബെംഗളൂരു: ഭർത്താവിന്‍റെ മൊബൈൽ ഫോണിൽ നിന്ന് വ്യാജ ബോംബ് സ്‌ഫോടന സന്ദേശം (bomb threat message to police) അയച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു (fake bomb blast message). ബെംഗളൂരുവിലെ ആനേക്കലിലാണ് സംഭവം. ഡിസംബർ 5 നാണ് പ്രതിയായ യുവതി സന്ദേശം അയച്ചത്.
ആനേക്കൽ ടൗണിലെ മാരുതി കോളനിയിലാണ് വടക്കൻ കർണാടക സ്വദേശികളായ കിരൺ, വിദ്യാറാണി ദമ്പതികൾ താമസിച്ചിരുന്നത്. മൊബൈൽ ആപ്പ് വഴി വിദ്യാറാണി ഒരാളുമായി പരിചയത്തിലാവുകയും പരിചയം സൗഹൃദത്തിലേക്ക് വഴിമാറുകയും ഇരുവരും നിരന്തരം സംസാരിക്കുകയും ചെയ്‌തു. ദിവസങ്ങൾക്ക് മുൻപാണ് ഭർത്താവ് കിരൺ ഇക്കാര്യം അറിഞ്ഞത്, ഇതാണ് ദമ്പതികൾ തമ്മിലുള്ള വഴക്കിലേക്ക് വഴിവെച്ചത്. ഇതേത്തുടർന്ന് കിരൺ ഭാര്യ വിദ്യാറാണിയുടെ മൊബൈൽ ഫോൺ തകർത്തു.
വിദ്യാറാണി ഇക്കാര്യം മറ്റൊരു നമ്പറിലൂടെ സുഹൃത്തിനെ അറിയിച്ചു. പിന്നീട് കിരണിനെ കുടുക്കാൻ ഇരുവരും തന്ത്രം മെനയുകയായിരുന്നു. തുടര്‍ന്ന് ഭർത്താവിന്‍റെ മൊബൈൽ ഫോണിൽ നിന്ന് ആർഡിഎക്‌സ് ബോംബ് സ്‌ഫോടനം നടത്തുമെന്ന് പറഞ്ഞ് പോലീസിനും കേന്ദ്ര അന്വേഷണ സംഘത്തിനും ഭീഷണി സന്ദേശങ്ങൾ അയച്ചു. ഭർത്താവിന്‍റെ മൊബൈലിൽ നിന്നും സന്ദേശം ഡിലീറ്റ് ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സന്ദേശം ലഭിച്ച ഫോൺ നമ്പറിന്‍റെ ഉറവിടം പൊലീസും അന്വേഷണ ഏജൻസികളും അന്വേഷിച്ചു. വിവരമറിഞ്ഞ് പൊലീസ് നേരിട്ട് കിരണിന്‍റെ വീട്ടിലെത്തി ദമ്പതികളെ ചോദ്യം ചെയ്‌തതോടെയാണ് സത്യം പുറത്തായത്. സംഭവത്തിൽ ആനേക്കൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. പ്രതി വിദ്യാറാണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തുവരികയാണ്. കേസിന്‍റെ സൂത്രധാരനായ സുഹൃത്തിന് വേണ്ടി പോലീസ് കെണിയൊരുക്കി അന്വേഷണം തുടരുകയാണ്.
എസ്‌പിയുടെ പ്രതികരണം: 'ഭീഷണി സന്ദേശവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് കിരൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. വിദ്യാറാണിയുമായി സമ്പർക്കം പുലർത്തിയ ആളെ അറസ്റ്റ് ചെയ്യാൻ നടപടി തുടങ്ങി. ആപ്പ് വഴി യുവതി പുരുഷനെ പരിചയപ്പെടുകയും തുടർന്ന് പരസ്‌പരം ചാറ്റ് ചെയ്യുകയും ചെയ്‌തു. കഴിഞ്ഞ 6 മാസമായി ഇത് തുടരുകയാണ്. വിവരമറിഞ്ഞ് യുവതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷിച്ചപ്പോൾ കാര്യങ്ങളെല്ലാം സമ്മതിച്ചു. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ബെംഗളൂരു റൂറൽ എസ്‌പി മല്ലികാർജുന ബാലദണ്ടി (Rural SP Mallikarjuna Baladandi) പറഞ്ഞു.
വ്യാജ ബോംബ് ഭീഷണി: ഇലക്‌ട്രോണിക് സിറ്റിയിലെ ടിസിഎസ് കമ്പനിക്ക് നേരെ ബോംബ് ഭീഷണി. കമ്പനിയിലെ മുൻ ജീവനക്കാരിയാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കമ്പനിയോടുള്ള ദേഷ്യത്തിലാണ് ഹൂബ്ലി സ്വദേശിയായ മുൻ ജീവനക്കാരി ഇങ്ങനെ ചെയ്‌തതെന്നാണ് വിവരം. നവംബര്‍ 14 ന് രാവിലെയാണ് ടിസിഎസ് കമ്പനിയുടെ ബി ബ്ലോക്കിൽ ബോംബ് ഭീഷണി ലഭിച്ചത്.
ഉടൻ തന്നെ പരപ്പന അഗ്രഹാര പൊലീസിൽ വിവരമറിയിക്കുകയും പൊലീസ് ബോംബ് സ്‌ക്വാഡുമായി എത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയിൽ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി കണ്ടെത്തി. നിലവിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതിയുടെ അറസ്‌റ്റിനായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.