കാണ്‍പൂർ: കാമുകനോടൊപ്പം ജീവിക്കുന്നതിനായി അമിതമായി മരുന്നുകൾ നൽകി ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ. ഉത്തർപ്രദേശിലെ കാൺപൂരിലാണ് സംഭവം. കല്യാൺപൂർ ശിവ്‌ലി റോഡിൽ താമസിക്കുന്ന സ്വപ്‌നയാണ് ഭർത്താവ് റിഷഭിന് മരുന്നുകൾ അമിതമായി നൽകി കൊന്നത്.
ക്രൈം സീരിയലുകളിൽ നിന്ന് ലഭിച്ച ആശയം ഉൾക്കൊണ്ടാണ് കൊലപാകം നടത്താൻ ഈ രീതി തെരഞ്ഞെടുത്തതെന്നും കാമുകനോടൊപ്പം ചേർന്നാണ് കൊലപാതകം നടത്തിയതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ സ്വപ്‌നയേയും കാമുകൻ രാജുവിനെയും സഹായി സിതുവിനെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
കൃത്യമായ പ്ലാനിങ്: നവംബർ 27ന് സുഹൃത്തിനൊപ്പം ചകർപൂർ ഗ്രാമത്തിലെ ഒരു വിവാഹ ചടങ്ങിന് പോയി മടങ്ങുന്നതിനിടെ കൊല്ലപ്പെട്ട റിഷഭിനെ ഒരു സംഘം ക്രൂരമായി ആക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ റിഷഭിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡിസംബർ ഒന്നിന് ഇയാളെ ഡിസ്‌ചാർജ് ചെയുകയും ചെയ്‌തു. എന്നാൽ ഡിസംബർ മൂന്നിന് ഇയാളുടെ ആരോഗ്യനില വീണ്ടും വഷളാവുകയും മരണപ്പെടുകയുമായിരുന്നു.
എന്നാൽ റിഷഭിന് മറ്റ് കുഴപ്പങ്ങളൊന്നും തന്നെയില്ലെന്നും മരുന്നുകൾ അമിതമായി കഴിച്ചതിനാലാണ് മരണം സംഭവിച്ചതെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് റിഷഭിന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയച്ചു. അമിത മരുന്നിന്‍റെ ഉപയോഗം മൂലം ആന്തരികാവയവങ്ങളെല്ലാം തകരാറിലായെന്നും അതിനാലാണ് മരണം സംഭവിച്ചതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും വ്യക്‌തമായി.
ഇതോടെ സ്വപ്‌നയുടെ മേൽ സംശയം തോന്നിയ പൊലീസ് ഇവരുടെ ഫോണ്‍ വിളികൾ പരിശോധിക്കാൻ തുടങ്ങി. അന്വേഷണത്തിൽ രാജു, സിതു എന്നിവരുടെ നമ്പരുകളിൽ സ്വപ്‌ന നിരന്തരം വിളിച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് ഇവരുടെ ഫോണുകൾ പിടിച്ചെടുത്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
ചാറ്റുകൾ നിർണായകമായി: ഫോണിലെ ചാറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് ഇവർ മൂന്ന് പേരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതെന്ന് പൊലീസ് കണ്ടെത്തിയത്. നവംബർ 27ന് റിഷഭിനെ ആക്രമിച്ചത് രാജുവും, സിതുവും ചേർന്നാണെന്നും പൊലീസ് കണ്ടെത്തി. ആക്രമണത്തിന് ശേഷം ജോലി കഴിഞ്ഞു എന്ന് രാജു സ്വപ്‌നക്കയച്ച മെസേജും പൊലീസ് കണ്ടെത്തി.
കൊലപ്പെടുത്താൻ ഉദ്ദേശിച്ച് നടത്തിയ ആക്രമണത്തിൽ രക്ഷപ്പെട്ടതോടെയാണ് റിഷഭിന് അമിതമായി മരുന്നുകൾ നൽകി കൊല്ലുക എന്ന പദ്ധതി പ്രതികൾ ചേർന്ന് ആവിഷ്‌കരിച്ചത്. അതേസമയം റിഷഭിന് ധാരാളം സ്വത്തുക്കളുണ്ടെന്നും സ്വത്ത് തട്ടിയെടുത്ത് കാമുകനൊപ്പം ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് സ്വപ്‌ന പൊലീസിന് നൽകിയ മൊഴി.