ഭുവനേശ്വര്‍: മൊബൈല്‍ ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയുടെ ആക്രമണത്തില്‍ ഭര്‍ത്താവിന് ഗുരുതര പരിക്ക്. ഒഡിഷയിലെ ബൊലാന്‍ഗീറിലാണ് സംഭവം. പുയിന്‍റാല കേസരകേല ഗ്രാമവാസിയായ ഗണേശ്വര്‍ സുനയ്‌ക്കാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് ഭാര്യ ഈശ്വരി കുമാരി ഭര്‍ത്താവിനെ ആക്രമിച്ചത്.
ഈശ്വരി ഭര്‍ത്താവിനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ മൊബൈലിലെ ഓഫര്‍ തീര്‍ന്നുവെന്ന് പറഞ്ഞ് ഗണേശ്വര്‍ സുന മൊബൈല്‍ നല്‍കിയില്ല. തുടര്‍ന്ന് കിടപ്പ് മുറിയില്‍ ഉറങ്ങി കിടന്ന ഭര്‍ത്താവിനെ മൂര്‍ച്ചയുള്ള കത്തിക്കൊണ്ട് കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തിന് ശേഷം ഈശ്വരി നാല് വയസുള്ള തന്‍റെ കുട്ടിയുമായി വീട് വിട്ടിറങ്ങി പോകുകയും ചെയ്‌തു. ആക്രമണത്തില്‍ ഗണേശ്വറിന്‍റെ തലയിലും കൈയ്‌ക്കും ആഴത്തില്‍ മുറിവേറ്റു. പരിക്കേറ്റ ഗണേശ്വര്‍ സുനയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
''ഭാര്യ തന്നോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഓഫര്‍ തീര്‍ന്നത് കൊണ്ട് ഓഫറില്ലെന്ന് പറഞ്ഞ് ഞാന്‍ മൊബൈല്‍ കൊടുത്തില്ല. പിന്നീട് ഉറങ്ങി കിടക്കുന്നതിനിടെ ഭാര്യ തന്നെ ആക്രമിക്കുകയായിരുന്നെന്ന്'' ഗണേശ്വര്‍ സുന പറഞ്ഞു. ആറ് വർഷം മുമ്പാണ് ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂര്‍ സ്വദേശിയായ ഈശ്വരി കുമാരിയെ ഗണേശ്വര്‍ സുന വിവാഹം കഴിച്ചത്.
കുടുംബ കലഹങ്ങള്‍ പെരുകുന്നു: കേരളം അടക്കമുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ തര്‍ക്കവും ആക്രമണങ്ങളും പതിവായിരിക്കുകയാണ്. പലപ്പോഴും ചെറിയ തര്‍ക്കങ്ങൾ പലതും കൊലപാതകങ്ങളില്‍ കലാശിക്കാറുണ്ട്. അത്തരത്തിലുള്ള നിരവധി വാര്‍ത്തകളാണ് നാം ദിനം പ്രതി കണ്ട് കൊണ്ടിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നടന്ന ഇത്തരമൊരു അരും കൊല ചെയ്‌ത ഭര്‍ത്താവിനാണ് അടുത്തിടെ കോടതി ശിക്ഷ വിധിച്ചത്. ആനാട് സുനിത കൊല കേസിലെ പ്രതിയായ സുനിതയുടെ ഭര്‍ത്താവ് ജോയ് മാത്യുവിനാണ് ഏതാനും ദിവസം മുമ്പ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2013 ലാണ് സുനിത ഭര്‍ത്താവിന്‍റെ കൈകളാല്‍ കൊല്ലപ്പെട്ടത്.
ജോയ് മാത്യുവിന്‍റെ മൂന്നാം ഭാര്യയായിരുന്നു സുനിത. മണ്‍വെട്ടി കൊണ്ട് തലയ്‌ക്ക് അടിച്ച് ബോധരഹിതയാക്കിയതിന് ശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കഷണങ്ങളാക്കി മൂന്ന് ദിവസം മുറിയില്‍ സൂക്ഷിച്ചതിന് ശേഷം സെപ്‌റ്റിക് ടാങ്കില്‍ തള്ളി.
അമ്മ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയെന്ന് ജോയ് മക്കളെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഒന്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കേസ് അന്വേഷണം തുടങ്ങിയത്. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലെയും സ്ഥിതി ഇത് തന്നെയാണെന്നതിന്‍റെ തെളിവാണ് രാജസ്ഥാനിലെ ബിക്കാനീറില്‍ ഭാര്യ ഭര്‍ത്താവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവം.
ജയനാരായണ വ്യാസ കോളനി നിവാസി അമീനിനാണ് ഭാര്യ ഐഷയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഭര്‍ത്താവ് ഉറങ്ങി കിടക്കുമ്പോഴായിരുന്നു സംഭവം. ആക്രമണത്തെ തുടര്‍ന്ന് അമീനിന്‍റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതോടെ അമീനിനും കുടുംബത്തിനുമെതിരെ ഭാര്യയും ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി.
also read: കണ്ണൂരില്‍ പിതാവിന് മകന്‍റെ ക്രൂരമര്‍ദനം; വീട്ടില്‍ നിന്നിറക്കി വിട്ടു: വീഡിയോ പുറത്ത്