ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് പ്രചാരണവേളയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ 'സൗജന്യ' വാഗ്‌ദാനങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എന്തുകൊണ്ട് കേന്ദ്രത്തിന് സര്‍വകക്ഷി യോഗം വിളിച്ചുകൂടെന്ന് സുപ്രീം കോടതി. അധികാരമില്ലാത്ത പാര്‍ട്ടികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുവാന്‍ പല മോഹന വാഗ്‌ദാനങ്ങളും നല്‍കാറുണ്ടെന്നും ഇത്തരം കക്ഷികളെ യോഗത്തിന് വിളിക്കണ്ട ആവശ്യമില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജെനറല്‍ തുഷാര്‍ മേത്ത മറുപടി നല്‍കി.
'ഞങ്ങളുടെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഇലക്‌ട്രിസിറ്റിക്ക് ബില്‍ അടയ്‌കേണ്ടതില്ല എന്ന് പ്രചരണവേളയില്‍ ജനങ്ങള്‍ക്ക് ചില പാര്‍ട്ടികള്‍ മോഹന വാഗ്‌ദാനം നല്‍കുന്നു. എന്നാല്‍ ഇതിനെല്ലാം പണം എവിടെ നിന്ന് വരുന്നു എന്ന് എനിക്ക് അറിയില്ല' - തുഷാര്‍ മേത്ത പറഞ്ഞു.
'രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഇതിനോടകം തന്നെ കോടതിയെ സമീപിക്കുകയും ഇത്തരം പൊള്ളയായ വാഗ്‌ദാനങ്ങളെ എതിര്‍ക്കുകയും ചെയ്‌തിട്ടുണ്ട്. സര്‍വകക്ഷിയോഗം ഈ വിഷയത്തില്‍ പ്രായോഗികമല്ല. ജനങ്ങള്‍ക്ക് മോഹന വാഗ്‌ദാനം നല്‍കി അധികാരത്തില്‍ വരുന്നത് അവരുടെ മൗലികാവകാശമാണെന്നാണ് ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ കരുതിയിരിക്കുന്നത്' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഭരണഘടനാവേദിയുടെ നേതൃത്വത്തിലായിരിക്കണം ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടത്. വിഷയം കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളില്‍ സമര്‍പ്പിക്കും'. കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് കമ്മിറ്റി രൂപീകരിച്ച് ചര്‍ച്ച നടത്തുന്നില്ല എന്ന ചീഫ് ജസ്റ്റിസിന്‍റെ ചോദ്യത്തിന് മറുപടിയായി തുഷാര്‍ മേത്ത പറഞ്ഞു.
'ആരാണ് കമ്മിറ്റിയെ നയിക്കുക എന്നതാണ് പ്രധാന പ്രശ്‌നം. ഒരു വ്യക്തിയല്ല, രാഷ്‌ട്രീയ പാര്‍ട്ടികളാണ് മോഹന വാഗ്‌ദാനങ്ങള്‍ നല്‍കുന്നത്. ഞാന്‍ മത്സരിക്കുകയാണെങ്കില്‍ എനിക്ക് 10 വോട്ടുകള്‍ പോലും ലഭിക്കില്ല, കാരണം ഇവിടെ വ്യക്തിക്ക് വലിയ വിലയില്ല. ഭരണഘടനാ വിദഗ്‌ധര്‍ വിഷയം അവതരിപ്പിച്ചുകൊണ്ട് ദീര്‍ഘമായ ഒരു പൊതുസംവാദമാണ് കേടതി ഉദ്ദേശിക്കുന്നത്'- എംവി രമണ പറഞ്ഞു.
സര്‍വീസില്‍നിന്നും വിരമിച്ച ചീഫ് ജസ്റ്റിസ് ലോധയെ പോലുള്ളവരാണ് കമ്മിറ്റിയെ നയിക്കേണ്ടതെന്നായിരുന്നു പരാതിക്കാരനുവേണ്ടി ഹാജരായ വികാസ് സിങ്ങിന്‍റെ നിര്‍ദേശം. എന്നാല്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രൊഫഷണലിന് ഇന്ത്യ പോലൊരു രാജ്യത്ത് ഒരു വിലയുമില്ലെന്നാണോയെന്ന് ചീഫ് ജസ്റ്റിസ് തിരിച്ച് ചോദിച്ചു.
'ഇത്തരം പ്രശ്‌നങ്ങള്‍ ഗുരുതരവും സങ്കീര്‍ണവുമാണ്. ഇതിനെതിരെ നിതി അയോഗ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഭരണപക്ഷ-പ്രതിപക്ഷ പാര്‍ട്ടികള്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരെ ഉള്‍പ്പെടുത്തി രാഷ്‌ട്രീയമില്ലാത്ത സമിതി രൂപീകരിക്കണം. എന്നാല്‍ ഇത്തരം കമ്മിറ്റികള്‍ ജനങ്ങള്‍ക്ക് വ്യാജവാഗ്‌ദാനങ്ങള്‍ നല്‍കുന്നത് തടയുവാനല്ല. നല്‍കിയ വാഗ്‌ദാനങ്ങള്‍ക്കനുസൃതമായി ജനങ്ങളുടെ പണം എങ്ങനെ ചിലവഴിച്ചു എന്ന് പഠിക്കാനായിരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍, എഎപി, കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം തുടങ്ങിയ പാര്‍ട്ടികള്‍ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തി. സൗജന്യ ജലം, വൈദ്യുതി, ഗതാഗതം തുടങ്ങിയവയെല്ലാം അസമത്വമുള്ള ഒരു സമൂഹത്തിന് ആവശ്യമാണെന്ന് എഎപി പ്രസ്‌താവിച്ചു.
സൗജന്യ വാഗ്‌ദാനങ്ങള്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ദോഷം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി അശ്വിനി ഉപാധ്യായ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. എന്നാല്‍, 2013ലെ സുപ്രീം കോടതി വിധിയനുസരിച്ച്, രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രചരണവേളയില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന വാഗ്‌ദാനങ്ങള്‍ അഴിമതിയോ നിയമലംഘനമോ ആയി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്ന് ഹര്‍ജിയെ എതിര്‍ത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.