ചണ്ഡീഗഡ്: കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും പഞ്ചാബിലെ ഗോതമ്പ് സംഭരണം സജീവമായി നടക്കുകയാണ്. 50 മുതല്‍ 60 ശതമാനം വരെ ഗോതമ്പ് ഇതിനകം ശേഖരിച്ചുകഴിഞ്ഞു. കൊവിഡ് വ്യാപനം വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ആവശ്യ മുന്നൊരുക്കങ്ങളൊരുക്കി അവയെ തരണം ചെയ്യാന്‍ സാധിച്ചെന്നാണ് സര്‍ക്കാര്‍ വാദം. സംഭരണത്തിന് മുന്‍പ് സർക്കാർ എല്ലാ മണ്ഡികളിലും (കാർഷിക വിപണി നടക്കുന്ന ചന്ത) ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തി, മാസ്‌കുകളും സാനിറ്റൈസറുകളും, സാമൂഹിക അകലവും, നിർബന്ധമാക്കി. കൂടുതല്‍ വിവരം ശേഖരിക്കാനായി ഇടിവി ഭാരത് ടീം വിവിധ മണ്ഡികള്‍ സന്ദർശിക്കുകയുണ്ടായി.
ഏഷ്യയിലെ ഏറ്റവും വലിയ ഭക്ഷ്യ വിപണിയായ ഖന്ന മണ്ഡി
കര്‍ഷകര്‍ മാസ്ക് ധരിക്കണമെന്നും, കൊണ്ടുവരുന്ന ട്രോളികള്‍ മുഴുവന്‍ സാനിറ്റൈസ് ചെയ്യണമെന്നും സര്‍ക്കാരിന്‍റെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ വിപണിയായ ഖന്ന മണ്ഡിയിലെ സാഹചര്യം നേരെ തിരിച്ചായിരുന്നു. കര്‍ഷകര്‍ ആരും തന്നെ മാസ്ക് ഉപയോഗിക്കുകയോ, സാമൂഹിക അകലം പാലിക്കുകയോ ചെയ്യുന്നില്ല.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ബതിന്ദയിലെ ദാന മണ്ഡി
കൊവിഡ് കേസുകള്‍ രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തിലും ബവിന്ദയിലെ ദാന മണ്ഡിയിൽ പഞ്ചാബ് സർക്കാർ പുറപ്പെടുവിച്ച കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഒന്നും പാലിക്കപ്പെടുന്നില്ല. മണ്ഡിയിൽ ജോലി ചെയ്യുന്ന എല്ലാവർക്കും മാർക്കറ്റ് കമ്മിറ്റി മാസ്കുകളും സാനിറ്റൈസറുകളും നൽകിയിട്ടുണ്ടെങ്കിലും, തൊഴിലാളികൾ ഇപ്പോഴും തുറസായ സ്ഥലങ്ങളില്‍ മാസ്കുകൾ ഇല്ലാതെ ജോലി ചെയ്യുന്നത് കാണാം.
പരസ്യമായി കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജലന്ധര്‍
ജലന്ധറിലെ ദാന മണ്ഡിയിൽ, അടിസ്ഥാന സത്യാവസ്ഥ മറ്റൊന്നാണ്. ആവശ്യത്തിന് കുടിവെള്ളമോ ശരിയായ ശുചിത്വ സംവിധാനങ്ങളോ ഇല്ല. എല്ലാ കൊവിഡ് മാർഗനിർദ്ദേശങ്ങളും കർശനമായി നടപ്പിലാക്കിയതായി ചണ്ഡീഗഡ് ഭരണകൂടം അവകാശപ്പെടുന്നുണ്ടെങ്കിലും യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണ്. കൂടാതെ, മണ്ഡിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശരീര താപനില നിരീക്ഷിക്കാൻ സ്കാനറുകള്‍ പോലുെ സ്ഥാപിച്ചിട്ടില്ല. മിക്ക തൊഴിലാളിളും മാസ്ക് പോലും ധരിക്കാതെ നടക്കുന്ന അവസ്ഥയാണ്.