ന്യൂഡൽഹി: മെറ്റയുടെ കീഴിലുള്ള വാട്‌സ്ആപ്പ് ഒരു മണിക്കൂറിന് ശേഷം തകരാർ പരിഹരിച്ച് തിരിച്ചെത്തി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 12 മണിയ്ക്ക് ശേഷമാണ് വാട്‌സ്ആപ്പ് പണിമുടക്കിയത്. ഇന്ത്യയിലടക്കം പല ഉപഭോക്താക്കൾക്കും സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കുന്നുണ്ടായിരുന്നില്ല.
നിലവിൽ വാട്‌സ്ആപ്പ് പ്രവർത്തനസജ്ജമായെന്ന് പല ഉപഭോക്താക്കളും വ്യക്തമാക്കി. വാട്‌സ്ആപ്പ് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഫേസ്ബുക്കിലും ട്വിറ്ററിലുമടക്കം പലരും പരാതി ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. നിമിഷങ്ങൾക്കകം തന്നെ #WhatsAppDown ട്വിറ്ററിൽ ട്രെൻഡിങ്ങായി.
വാട്‌സ്ആപ്പ് തകരാർ സംബന്ധിച്ച പരാതികളിൽ ഗണ്യമായ വർധനയുണ്ടായതായി ഡൗൺ ഡിറ്റക്‌ടർ റിപ്പോർട്ട് ചെയ്‌തു. ഡൽഹി, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വാട്‌സ്ആപ്പ് ഉപയോക്താക്കളെ വാട്‌സ്ആപ്പ് തകരാർ ബാധിച്ചതായി ഡൗൺ ഡിറ്റക്‌ടറിന്‍റെ ഹീറ്റ്മാപ്പ് കാണിക്കുന്നു.
വ്യാപക പരാതിയെ തുടർന്ന് വിശദീകരണവുമായി മെറ്റ വക്താവ് രംഗത്തെത്തിയിരുന്നു. കഴിയുന്നത്ര വേഗത്തിൽ വാട്‌സ്ആപ്പിന്‍റെ സേവനം പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുകയാണെന്ന് സംഭവത്തിൽ മെറ്റ വക്താവ് ഔദ്യോഗിക വിശദീകരണം നടത്തി.