ന്യൂഡല്‍ഹി : നിരോധനത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ (പിഎഫ്ഐ) വരാനിരിക്കുന്നത് കര്‍ശന നടപടികള്‍. തീവ്രവാദ വിരുദ്ധ നിയമമായ യുഎപിഎ പ്രകാരം പിഎഫ്ഐയുടെ സ്വത്തുക്കൾ കണ്ടുകെട്ടൽ, ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ, സാധാരണ പ്രവർത്തനങ്ങളുടെ സമ്പൂർണ നിരോധനം എന്നിവയുൾപ്പടെയുള്ള നടപടികളാണ് ഉണ്ടാവുക.
നിരോധനത്തിന് മതിയായ കാരണമുണ്ടോ ഇല്ലയോ എന്ന് തീർപ്പുകൽപ്പിക്കാൻ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ട്രൈബ്യൂണലിനെ സമീപിക്കും. അതേസമയം നിരോധന ഉത്തരവ് അഞ്ച് വർഷം നിലനിൽക്കും, മാത്രമല്ല സർക്കാരിന് നിരോധനത്തിന്‍റെ ദൈര്‍ഘ്യം നീട്ടാവുന്നതുമാണ്.
1967ലെ യുഎപിഎ നിയമം അനുസരിച്ച് നിരോധിത സംഘടനയിലെ ഏതെങ്കിലും അംഗത്തിന്‍റെ പക്കല്‍ സംഘടനയ്ക്കായി ഉപയോഗിക്കുന്നതോ അതിന് ഉദ്ദേശിക്കുന്നതോ ആയ ഫണ്ടുകളോ സെക്യൂരിറ്റികളോ ക്രെഡിറ്റുകളോ ഉണ്ടെങ്കില്‍ കേന്ദ്രത്തിന് രേഖാമൂലമുള്ള ഉത്തരവിലൂടെ അത്തരം ആസ്‌തികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും കൈമാറ്റം ചെയ്യുന്നതിൽ നിന്നും അല്ലെങ്കിൽ മറ്റേതെങ്കിലും വിധത്തിൽ ഇടപാട് നടത്തുന്നതില്‍ നിന്നും വ്യക്തിയെ വിലക്കാനാകും.
ഇത്തരത്തില്‍ ഉത്തരവ് ലഭിച്ച വ്യക്തിക്ക് അന്ന് മുതല്‍ 14 ദിവസത്തിനുള്ളില്‍ അയാള്‍ സ്വമേധയാ താമസിക്കുന്നതോ ബിസിനസ് ചെയ്യുന്നതോ ആയ പ്രദേശം ഉള്‍പ്പെടുന്ന ജില്ല കോടതിയില്‍, ആസ്‌തി നിയമവിരുദ്ധമായ സംഘടനയ്ക്കായി ഉപയോഗിക്കുന്നില്ലെന്നും വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കാട്ടി അപേക്ഷ നല്‍കാം. ഇതില്‍ കോടതിയാണ് തീരുമാനമെടുക്കുക.
Also Read: ആലുവയില്‍ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിന്‍റെ വീട്ടില്‍ എന്‍ഐഎ റെയ്‌ഡ്
അതേസമയം ഒരു സംഘടന നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെടുമ്പോൾ അതിന്‍റെ ഭാഗമായുള്ള വീടോ കെട്ടിടമോ ഉള്‍പ്പടെയുള്ള 'സ്ഥലങ്ങള്‍' കേന്ദ്ര സർക്കാരിന് പിടിച്ചെടുക്കാം. ഇതിനായി പ്രാദേശിക ജില്ല മജിസ്‌ട്രേറ്റോ അല്ലെങ്കില്‍ രേഖാമൂലം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ സ്ഥലത്ത് കണ്ടെത്തിയ എല്ലാ വസ്‌തുക്കളുടെയും (നിസാര സ്വഭാവമുള്ളവ ഒഴികെ) ഒരു പട്ടിക രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ തയ്യാറാക്കണം. പട്ടികയിലുള്ള ഏതെങ്കിലും വസ്‌തു നിരോധിത സംഘടനയ്ക്കായി ഉപയോഗിക്കപ്പെടാന്‍ ഇടയുണ്ടെങ്കില്‍ ഇത് വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കാനും ജില്ല മജിസ്‌ട്രേറ്റിന് കഴിയും.
Also Read: പിഎഫ്‌ഐ പിരിച്ചുവിട്ടു ; അംഗങ്ങളെ അറിയിച്ചതായും വിശദീകരണം
ഒരു സംഘടനയെ നിരോധിക്കുന്നതായി വിജ്ഞാപനം പുറത്തിറക്കിയാല്‍ ഇത് പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ കേന്ദ്ര സർക്കാർ ഇതിന് വ്യക്തമായ കാരണമുണ്ടോ എന്ന് തീര്‍പ്പാക്കാന്‍ ഒരു ട്രൈബ്യൂണലിന് റഫർ ചെയ്യും. ഈ റഫറന്‍സ് ലഭിച്ചാല്‍ സംഘടന നിരോധിക്കാന്‍ പാടില്ലാത്തതാണെന്നുള്ള കാരണം കാണിക്കല്‍ നോട്ടിസ് ലഭ്യമാക്കാന്‍ നിരോധിച്ച സംഘടനയോട് ട്രൈബ്യൂണല്‍ രേഖാമൂലം ആവശ്യപ്പെടും.
ഇതുപ്രകാരം സംഘടന ഭാരവാഹിയോ അംഗമോ കാരണം കാണിച്ചാല്‍ ഇതിന്മേല്‍ ട്രൈബ്യൂണൽ അന്വേഷണം നടത്തും. വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ ആറ് മാസത്തിനുള്ളിൽ കഴിയാവുന്നത്ര വേഗത്തിലാകും അന്വേഷണം നടത്തി വിഷയത്തില്‍ തീരുമാനമെടുക്കുക.