മുംബൈ: ബിജെപിയുമായി ആലോചിച്ചാണ് തന്‍റെ രാഷ്ട്രീയ നീക്കങ്ങള്‍ എന്ന് സൂചിപ്പിച്ച് ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ. നാല്‍പ്പതിലധികം വരുന്ന ശിവസേന എംഎല്‍എമാരോട് അസമിലെ ഗുവഹത്തിയിലെ ഒരു ഹോട്ടലില്‍ സംസാരിക്കവെയാണ് തന്‍റെ ഒരോ നീക്കങ്ങള്‍ക്കും ബിജെപിയുടെ പിന്തുണയുണ്ടെന്ന കാര്യം ഷിന്‍ഡെ പരോക്ഷമായി സൂചിപ്പിച്ചത്. അദ്ദേഹം എംഎല്‍എമാരോട് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
തന്‍റെ തീരുമാനങ്ങള്‍ക്ക് രാജ്യത്തെ വലിയ ഒരു ദേശീയ പാര്‍ട്ടിയുടെ പിന്തുണയുണ്ട്. അവര്‍ തന്നോട് പറഞ്ഞത് തന്‍റെ തീരുമാനം ചരിത്രപരമെന്നാണ്. എല്ലാ പിന്തുണയും അവര്‍ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. എന്ത് പ്രശ്‌നമുണ്ടായാലും അവര്‍ തങ്ങളെ സഹായിക്കാന്‍ എത്തുമെന്നും ഏക്‌നാഥ് ഷിന്‍ഡെ വിമത എംഎല്‍എമാരോട് പറഞ്ഞു.
ശിവസേന തലവന്‍ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാടി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഏക്‌നാഥ് ഷിന്‍ഡെയുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ബിജെപിയുടെ കൈകളുണ്ടെന്ന് സംശയിക്കപ്പെട്ടതാണ്. അതിന് ബലം നല്‍കുന്നതാണ് ഷിന്‍ഡെയുടെ പുറത്തുവന്ന ഈ പ്രസ്‌താവന. എന്നാല്‍ ശിവസേനയ്‌ക്കുള്ളിലെ വിമത നീക്കങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ബിജെപി നേതാക്കള്‍ പരസ്യമായി പറയുന്നത്.
"ഞങ്ങള്‍ ഏക്‌നാഥ് ഷിന്‍ഡെയോട് സംസാരിച്ചിട്ടില്ല. ഇപ്പോള്‍ നടക്കുന്നത് ശിവസേനയിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്. ബിജെപിക്ക് ഒരു പങ്കും ഇതിലില്ല. ഞങ്ങള്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനായി നിലവില്‍ അവകാശവാദം ഉന്നയിക്കുന്നില്ല", കേന്ദ്ര മന്ത്രിയും മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവുമായ റാവു സാഹേബ് പാട്ടില്‍ ദന്‍വെ പറഞ്ഞു.
വിമത ശിവസേന എംഎല്‍എമാര്‍ തങ്ങളുടെ നേതാവായി ഏക്‌നാഥ് ഷിന്‍ഡെയെ തെരഞ്ഞെടുത്തു. തുടര്‍ന്നുള്ള എല്ലാ രാഷ്ട്രീയ തീരുമാനവും എടുക്കുന്നതിനായി ഷിന്‍ഡെയെ അവര്‍ ചുമതലപ്പെടുത്തി. മഹാരാഷ്ട്ര നിയമസഭയില്‍ അമ്പത്തിഅഞ്ച് അംഗങ്ങളുള്ള ശിവസേനയുടെ അമ്പതോളം എംഎല്‍എമാര്‍ ഏക്‌നാഥ് ഷിന്‍ഡെക്കൊപ്പമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിമത നീക്കത്തെ തുടര്‍ന്ന് ഏക്‌നാഥ് ഷിന്‍ഡയെ ശവസേനയുടെ നിയമസഭ കക്ഷി സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ നിയമസഭ നേതാവായി ഏക്‌നാഥ് ഷിന്‍ഡെ തുടരുകയാണെന്ന് കാണിച്ച് വിമത എംഎല്‍എമാര്‍ പ്രമേയം പാസാക്കി. 34 ശിവസേന എംഎല്‍എമാര്‍ ഒപ്പിട്ട ഈ പ്രമേയം മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്ക് അയച്ചുകൊടുത്തു.
ബിജെപിയുമായുള്ള സഖ്യം പുനഃസ്ഥാപിക്കണമെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രധാന ആവശ്യം. വിമത എംഎല്‍എമാര്‍ മഹാരാഷ്ട്രയിലേക്ക് തിരിച്ചുവരികയും പാര്‍ട്ടി നേതൃത്വത്തോട് സംസാരിക്കാന്‍ തയ്യാറാവുകയും ചെയ്‌താല്‍ കോണ്‍ഗ്രസും എന്‍സിപിയുമായി സഖ്യം വിടുന്ന കാര്യം പരിഗണിക്കാമെന്ന് ശിവസേനയുടെ രാജ്യ സഭ എംപിയും ഉദ്ധവ് താക്കറയുടെ വിശ്വസ്‌തനുമായ സഞ്ജയ് റാവത്ത് പ്രതികരിച്ചിരുന്നു.