കൊൽക്കത്ത: ബംഗാളിൽ ഏഴാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലായി 34 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 37 വനിതാ സ്ഥാനാർഥികളുൾപ്പെടെ 268 പേരാണ് മത്സരിക്കുന്നത്.
ദക്‌ഷിൻ ദിനാജ്‌പൂർ, മാൾഡ, മൂർഷിദാബാദ് ,പസ്‌ചീം ബർദാമൻ തുടങ്ങിയ മണ്ഡലങ്ങളും ഇന്ന് വിധിയെഴുതും. അഞ്ച് ജില്ലകളിലായി 81.88 ലക്ഷം വോട്ടർമാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. ഇതിൽ 39.87 ലക്ഷം പേർ വനിതാ വോട്ടർമാരാണ്. 221 പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ട്. 11,376 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ റോഡ് ഷോ, കൂറ്റൻ റാലികൾ എന്നിവയ്‌ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 796 കമ്പനി കേന്ദ്രസേനയെ നിയോഗിച്ചിട്ടുണ്ട്.
എട്ട് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഘട്ടം മാർച്ച് 27നാണ് തുടങ്ങിയത്. ഏപ്രിൽ 1,6,10,17,22 തീയതികളിലായി അടുത്ത ഘട്ടങ്ങൾ നടന്നു. അവസാന ഘട്ട തെരഞ്ഞെടുപ്പ് ഏപ്രിൽ 29 ന് നടക്കും. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളാണ് മണ്ഡലങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 81,375 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 10,884 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.