മാള്‍ഡ (പശ്ചിമ ബംഗാള്‍): മാമ്പഴ കയറ്റുമതിയിലൂടെ സ്വയം അടയാളപ്പെടുത്താനൊരുങ്ങി മാള്‍ഡയും മുര്‍ഷിദാബാദും. ഈ രണ്ട് പശ്ചിമ ബംഗാള്‍ ജില്ലകളിലും ഉത്‌പാദിപ്പിക്കുന്ന 75 ഇനം മാമ്പഴങ്ങളാണ് കയറ്റി അയക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യത്തെ അനുസ്‌മരിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായാണ് 75 ഇനങ്ങള്‍ കയറ്റി അയക്കാന്‍ തീരുമാനിച്ചത്. കയറ്റുമതി വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്‌ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്‍റ് അതോറിറ്റിയുമായി കൈകോര്‍ത്താണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ ഹോര്‍ട്ടി കള്‍ച്ചര്‍, ഭക്ഷ്യ സംസ്‌കരണ വകുപ്പുകളുടെ പ്രവര്‍ത്തനം. ബംഗാളിലെ പ്രധാന മാമ്പഴ ഉത്‌പാദന കേന്ദ്രങ്ങളാണ് മാള്‍ഡയും മുര്‍ഷിദാബാദും. കൂടാതെ നാദിയ ഉള്‍പ്പടെയുള്ള തെക്കന്‍ ജില്ലകളിലും മാമ്പഴം കൃഷി ചെയ്യുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം കയറ്റി അയച്ചത് 30 ഇനങ്ങള്‍ : കഴിഞ്ഞ വര്‍ഷം മാള്‍ഡ, മുര്‍ഷിദാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ള 34 ഇനം മാമ്പഴങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്‍റെ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്‌ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്‍റ് അതോറിറ്റി വഴി മിഡില്‍ ഈസ്റ്റിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കയറ്റി അയച്ചത്. ഈ ബംഗാളി മാമ്പഴങ്ങളുടെ രുചിയും മണവും ഗുണവുമെല്ലാം വിദേശ രാജ്യങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇത്തവണ കൂടുതല്‍ ഇനം മാമ്പഴങ്ങള്‍ കയറ്റി അയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മാൾഡ ജില്ലയിൽ ഉത്‌പാദിപ്പിച്ച നിരവധി ഇനം മാമ്പഴങ്ങൾ കയറ്റുമതിയ്ക്കായി ഇതിനകം തെരഞ്ഞെടുത്തുകഴിഞ്ഞു. ഫാസിലി, ഹിംസാഗർ, ലക്ഷ്‌മണഭോഗ് എന്നീ ഇനങ്ങള്‍ക്ക് ഇതിനോടകം ജിഐ ടാഗും ലഭിച്ചിട്ടുണ്ട്. ഗോപാൽഭോഗ്, രഖൽഭോഗ്, കിഷൻഭോഗ്, അമൃത്‌ഭോഗ്, ദിൽകുഷ്, ലാൻഗ്ര, അൽതാപെട്ടി, ബൃന്ദാബ്‌നി, അശ്വിന, അമ്രപാലി, മല്ലിക, ബൃന്ദാബ്‌നി അശ്വിന, തോതാപുരി, മധുചുഷ്‌കി, മോഹൻ താക്കൂർ, റാണിപ്‌സന്ദ്, ഗോലിയ, ദൽഹങ്ക, മോഹന്‍ഭോഗ് തുടങ്ങിയ മാമ്പഴങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.
ഇതുവരെ കാലാവസ്ഥ അനുകൂലമായതിനാൽ ഈ സീസണിൽ മാൾഡ ജില്ലയിൽ മികച്ച മാമ്പഴം ഉത്‌പാദിപ്പിക്കാൻ സാധിച്ചെന്ന് ജില്ല ഹോർട്ടി കൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ സാമന്ത് ലായിക് പറഞ്ഞു. പശ്ചിമ ബംഗാൾ സർക്കാരിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്‌ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെയും സംയുക്ത സംരംഭമായി മാൾഡയുടെ മാമ്പഴങ്ങൾ വിദേശ വിപണികളിൽ കൂടുതൽ ജനപ്രിയമാക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കയറ്റുമതി സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കും: മാമ്പഴ കയറ്റുമതിയിലൂടെ മാൾഡയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണര്‍വ് ലഭിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും പ്രതീക്ഷ. അത്യുത്‌പാദന ശേഷിയുള്ള ചില ഇനങ്ങൾ കയറ്റുമതിക്കായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മാൾഡ-മുർഷിദാബാദ് എന്നിവിടങ്ങളിൽ നിന്നും സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ നിന്നുമായി 75 ഇനം മാമ്പഴങ്ങൾ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഹോർട്ടി കൾച്ചർ വകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ സാമന്ത് ലായിക് പറഞ്ഞു. കഴിഞ്ഞ വർഷം ഈ രണ്ട് ജില്ലകളിലെ മാമ്പഴങ്ങൾ ഖത്തറിലേക്കും ബെൽജിയത്തിലേക്കും മറ്റ് നിരവധി രാജ്യങ്ങളിലേക്കും അയച്ചിരുന്നു.
മാമ്പഴം കയറ്റുമതി ചെയ്യുന്നതിന്‍റെ ഭാഗമായി അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്‌ഡ് ഫുഡ് പ്രോഡക്‌ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്‍റ് അതോറിറ്റി കര്‍ഷകരുമായി കൂടിക്കാഴ്‌ച നടത്തിയതായി മാൾഡ മാംഗോ അസോസിയേഷൻ പ്രസിഡന്‍റ് ഉജ്വല്‍ സാഹ പറഞ്ഞു. മാമ്പഴ ഉത്‌പാദനത്തിന് ചില പ്രത്യേക രീതികള്‍ ഉണ്ടെന്നും കയറ്റുമതിക്കായി സംസ്ഥാന സർക്കാരിന്‍റെ ഹോർട്ടികൾച്ചറും ഭക്ഷ്യ സംസ്‌കരണ വകുപ്പും മുൻകൈ എടുത്തിട്ടുണ്ടെന്നും സാഹ പറഞ്ഞു. കയറ്റുമതിയിലൂടെ വരുമാനം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും.