ന്യൂഡല്‍ഹി: ബംഗാള്‍ അധ്യാപക നിയമന കുംഭകോണത്തില്‍ മുന്‍ മന്ത്രി പാർഥ ചാറ്റർജി, സുഹൃത്ത് അർപിത മുഖർജി എന്നിവരുള്‍പ്പെടെ എട്ട് പ്രതികൾക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി (എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്). കൊല്‍ക്കത്തയിലെ പിഎംഎൽഎ പ്രത്യേക കോടതിയിലാണ് ഇഡി തിങ്കളാഴ്‌ച (സെപ്‌റ്റംബര്‍ 19) ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചത്. കള്ളപ്പണം വെളുപ്പിക്കാന്‍ പ്രതികള്‍ ആറ് സ്ഥാപനങ്ങളെ ഉപയോഗിച്ചതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ALSO READ: അധ്യാപക നിയമന അഴിമതികേസ്: അമ്പത് കോടി രൂപ പാര്‍ഥ ചാറ്റര്‍ജിയുടേതെന്ന് അര്‍പ്പിത
എം/എസ് എച്ചായ് എന്‍റര്‍ടെയ്‌മെന്‍റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അനന്ത ടെക്‌ഫാബ് പ്രൈവറ്റ് ലിമിറ്റഡ്, സിംമ്പോസിസ് മെര്‍ച്ചന്‍റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, സെന്‍ട്രി എന്‍ജിനീയറിങ് പ്രൈവറ്റ് ലിമറ്റഡ്, വ്യൂമോര്‍ ഹൈറൈസ് പ്രൈവറ്റ് ലിമറ്റഡ്, എപിഎയു സര്‍വീസസ് എന്നീ കമ്പനികളെയാണ് ഇതിനായി ഉപയോഗിച്ചത്.
മമത ബാനര്‍ജി സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെയും സുഹൃത്ത് അർപിത മുഖർജിയെയും ജൂലൈ 23നാണ് ഇഡി അറസ്റ്റ് ചെയ്‌തത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതികളെ സെപ്റ്റംബർ 28ന് വീണ്ടും പ്രത്യേക കോടതിയിൽ ഹാജരാക്കും. 49.80 കോടിയിലധികം വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍, 5.08 കോടിയുടെ സ്വത്തുക്കൾ, 48.22 കോടി പണം എന്നിങ്ങനെ ആകെ 103.10 കോടിയാണ് കേസില്‍ ഇതുവരെ പിടിച്ചെടുത്തത്.
'അമ്പത് കോടി പാര്‍ഥയുടേത്': അതേസമയം നിയമന കുംഭകോണത്തില്‍ ഇഡി കണ്ടുകെട്ടിയ അമ്പത് കോടി രൂപയും അഞ്ച് കോടി മൂല്യം വരുന്ന സ്വര്‍ണാഭരണങ്ങളും പാര്‍ഥ ചാറ്റര്‍ജിയുടേതാണെന്ന് അര്‍പിത മുഖര്‍ജി മൊഴി നല്‍കി. കേസില്‍ ഇഡി തിങ്കളാഴ്‌ച സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിലാണ് അര്‍പിതയുടെ മൊഴി. തന്‍റെ അമ്മയുടെ സുരക്ഷയെ കരുതി താന്‍ ഇതുവരെ സത്യം മറച്ചുവയ്ക്കുകയായിരുന്നുവെന്ന് അര്‍പിത മുഖര്‍ജി പറയുന്നു.