കൊൽക്കത്ത: പശ്ചിമബംഗാളിലെ ശ്യാം നഗറിലെ നേതാജി നഗർ കോളനിയിലെ താമസക്കാർക്ക് നേരെ ആക്രമണം. ആക്രമണത്തില്‍ ഏഴ് പേർക്ക് പരിക്കേറ്റു. കോളനിയിലെ താമസക്കാരെ ഭീഷണിപ്പെടുത്തി സ്ഥിരമായി പണം തട്ടിയെടുക്കുന്ന സംഘമാണ് ആക്രമണം നടത്തിയത്. സംഭവത്തെ തുടർന്ന് പ്രകോപിതരായ ജനക്കൂട്ടം അക്രമികളിൽ ഒരാളുടെ ബന്ധുവിന്റെ വീടിന് തീയിട്ടു.
കോളനിയിലെ താമസക്കാരെല്ലാം പുറത്തുപോയ സമയത്ത് ജിദൻ ഗോലാദർ എന്ന അക്രമിയും കൂട്ടാളികളും സ്ഥലത്തെത്തി വെടിയുതിർക്കുകയും ബോംബെറിയുകയുമായിരുന്നു. സുപൻ ബിശ്വാസ് എന്നയാൾക്ക് വെടിയേൽക്കുകയും തലയ്ക്ക് അടിയേൽക്കുകയും ചെയ്തു. പ്രദേശത്ത് പുതുതായി താമസിക്കാൻ വന്നവർ ക്ഷേത്രം നിര്‍മിച്ചതാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് സുപന്റെ ഭാര്യ രുമ ബിശ്വാസ് പറഞ്ഞു. ക്ഷേത്രം പണിയുന്ന കമ്മിറ്റിയിലുണ്ടായതാണ് സുപനെയും കുടുംബത്തെയും അക്രമിക്കാൻ കാരണമെന്നും അക്രമികൾ ബിജെപി അനുഭാവികൾ ആണെന്നും രുമ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റവരെ ബത്പാര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.