കൊൽക്കത്ത: പട്ടികജാതി വിഭാഗത്തെ അപമാനിച്ചതിലൂടെ മമത ബാനര്‍ജിയുടെയുടെയും തൃണമൂലിന്‍റെയും ചിന്താഗതിയാണ് പുറത്തായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.സിലിഗുരിയിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിലായിരുന്നു മോദിയുടെ വിമര്‍ശനം.
മമത ബാനർജിയുമായി അടുപ്പമുള്ള ടിഎംസി നേതാവ് എസ്‌സി സമുദായത്തെ പരാമര്‍ശിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബംഗാളിലെ എസ്‌സി സമൂഹം ഭിക്ഷക്കാരെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നാണ് അവർ പറഞ്ഞത്. പാർട്ടിയുടെയും പാർട്ടി നേതാവിന്‍റെയും മനോഭാവമാണ് അതിൽ പ്രകടമാകുന്നതെന്ന് മോദി പറഞ്ഞു. തോൽവി മുന്നിൽ കണ്ടതും ബംഗാൾ ജനങ്ങൾക്ക് തന്നോടുള്ള സ്നേഹവും അടുപ്പവും വർധിക്കുന്നതും മനസിലാക്കിയതോടെ ദീദിക്ക് തന്നോടുള്ള ദേഷ്യം വർധിച്ചു. കൂടാതെ ഇത്തവണ ടിഎംസിയുടെ ഗുണ്ടകൾക്ക് 'ചാപ്പ വോട്ട്' ചെയ്യാൻ കഴിയാത്തതിന്‍റെ അമർഷവുമുണ്ടെന്ന് മോദി പരിഹസിച്ചു.
ബിജെപി അധികാരത്തിലെത്തിയാൽ ലോക്ക്ഡൗൺ കാലയളവിൽ കേന്ദ്രസർക്കാർ എങ്ങനെ രാജ്യത്ത് പ്രവർത്തിച്ചോ അതേ സുതാര്യതയോടെ തന്നെ സംസ്ഥാനത്തും പ്രവർത്തിക്കുമെന്ന് മോദി പറഞ്ഞു. ലോക്ക്ഡൗൺ സമയത്ത് രാജ്യത്താകമാനം കോടിക്കണക്കിന് രൂപയാണ് എത്തിച്ചത്. എന്നാൽ പ്രധാനമന്ത്രി കിസാൻ സമ്മാന്‍ നിധിയുടെ പണം മമത ബാനർജി തടഞ്ഞുവച്ചിരിക്കുകയാണെന്നും ആ തുകയും ബംഗാളിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ള വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും ഐടി രംഗത്തെ അഭിവൃദ്ധിപ്പെടുത്താന്‍ ബിജെപി പ്രവർത്തിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.