കൊല്‍ക്കത്ത: ബംഗാളില്‍ ആറാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു. റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കും ശേഷമാണ് കൊട്ടിക്കലാശം. വ്യാഴാഴ്‌ചയാണ് ബംഗാളില്‍ ആറാം ഘട്ട തെരഞ്ഞെടുപ്പ്. ഉത്തര്‍ ദിനജ്‌പൂര്‍, നദിയ, നോര്‍ത്ത് 24 പരഗാന, പുര്‍ബ ബര്‍ദമന്‍ എന്നീ ജില്ലകളിലെ 43 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ആറാം ഘട്ടത്തില്‍ 306 സ്ഥാനാര്‍ഥികളാണ് വിവിധ പാര്‍ട്ടികളില്‍ നിന്നായി മത്സരരംഗത്തുള്ളത്. പ്രചാരണത്തിനിടെ കിട്ടുന്ന എല്ലാ അവസരങ്ങളിലും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും എതിരെ വിമര്‍ശനമുന്നയിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി. അതിരൂക്ഷ കൊവിഡ് വ്യാപനവും ബിജെപിക്കെതിരെ മമതാ ബാനര്‍ജി ആയുധമാക്കുകയാണ്.
കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണെന്ന് മമതാ ബാനര്‍ജി. അദ്ദേഹം ശരിയായ സമയത്ത് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നുവെന്നും മമതാ ബാനര്‍ജി വിമര്‍ശിച്ചു. അമ്മമാര്‍ക്കും കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന കേന്ദ്രത്തിന്‍റെ വാഗ്‌ദാനം ഇതുവരെ നടപ്പായില്ല. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ് ഇവിടെ കൊവിഡ് കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ആരോപണമുയര്‍ത്തി.
ആറാം ഘട്ടത്തിന് മുന്‍പായി മെഗാ റാലികളില്‍ പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ടിഎംസി സര്‍ക്കാര്‍ വ്യവസായങ്ങള്‍ അടച്ചുപൂട്ടുകയും യുവാക്കളെ കുടിയേറാന്‍ നിര്‍ബന്ധിതമാക്കിയെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. അമിത് ഷായും സംസ്ഥാനത്തെ നിരവധി റാലികളില്‍ പങ്കെടുത്തിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം വോട്ടെടുപ്പിന് 72 മണിക്കൂര്‍ മുന്‍പ് അവസാനിപ്പിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നിര്‍ദേശം. ഏപ്രില്‍ 26നും, 29നുമാണ് സംസ്ഥാനത്ത് ഏഴും, എട്ടും ഘട്ട തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 2നാണ് ഫലപ്രഖ്യാപനം.