കൊൽക്കത്ത: പശ്ചിമബംഗാൾ നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. നിരവധി പ്രമുഖ വ്യക്തികളാണ് ഈ ഘട്ടത്തിലെ തെരഞ്ഞെടുപ്പിൽജനവിധി തേടുന്നത്. ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും പ്രധാന എതിരാളികളാകുന്ന ഈ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിക്കെതിരെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ രണ്ട് നോട്ടീസുകൾ നൽകിയിരുന്നു.
2016 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽമമതാ ബാനർജി ജയിച്ച ഭവാനിപൂർ നിയോജക മണ്ഡലത്തിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥി രുദ്രനിൽ ഘോഷ് മത്സരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പിന്‍റെ ഈ ഘട്ടത്തിലെ പ്രത്യേകത. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ശ്രീജൻ ഭട്ടാചാര്യ, അരൂപ് ബിശ്വാസ്, ഡോ. പാർഥാ ചാറ്റർജി, ലൗലി മൊയ്‌ത്ര, അഞ്ജന വസു, ഡോ. റാണ ചാറ്റർജി, ബൈശാലി ഡാൽമിയ, മനോജ് തിവാരി തുടങ്ങി വിവിധ പാർട്ടികളിൽ നിന്നായി നിരവധി പ്രമുഖരാണ് മത്സര രംഗത്തുള്ളത്. തൃണമൂൽ കോൺഗ്രസ് വികസനങ്ങൾ ഉയർത്തി കാണിക്കുമ്പോൾ വ്യാവസായിക മേഖലയിലെ ഇതര സംസ്ഥാനത്തെ തൊഴിലാളികളുടെ വോട്ടാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
തൊഴിലവസരങ്ങളുടെ അഭാവം, ചണം മില്ലുകൾ അടച്ചിടേണ്ടി വന്നതും ഭരണ വിരുദ്ധതയുമാണ് ടി.എം.സി നേരിടുന്ന വെല്ലുവിളികൾ. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടം ഏപ്രിൽ 17ന് ആരംഭിക്കും. മേയ് രണ്ടിനാണ് വോട്ടെണ്ണൽ.