കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. രാവിലെ ഏഴിന് ആരംഭിച്ച പോളിങ് പുരോഗമിക്കുന്നതിനിടെയാണ് അക്രമ സംഭവങ്ങൾ. കൂച്ച്‌ബെഹാര്‍, മുര്‍ഷിദാബാദ് എന്നിങ്ങനെ വിവിധയിടങ്ങളിലുണ്ടായ അക്രമങ്ങളില്‍ 16 പേരാണ് മരിച്ചത്.
നിരവധി തൃണമൂല്‍ കോൺഗ്രസ്-ബിജെപി കോണ്‍ഗ്രസ്- പ്രവര്‍ത്തകര്‍ക്കാണ് സംഘർഷങ്ങളില്‍ പരിക്കേറ്റത്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ 5.67 കോടി ജനങ്ങളാണ് വോട്ടര്‍മാര്‍. ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ 73,887 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആകെ 2.06 ലക്ഷം സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാബലം ശക്തിപ്പെടുത്താനുള്ള അവസരമായാണ് രാഷ്‌ട്രീയ പാർട്ടികള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ കാണുന്നത്. സംസ്ഥാനം മൂന്നാം തവണയും പിടിക്കാനുള്ള ശ്രമത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇക്കാരണം കൊണ്ട് തന്നെ തൃണമൂലിന് ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്.
മഴയ്‌ക്കിടയിലും വോട്ടര്‍മാര്‍ എത്തുന്നു: ജൂൺ എട്ടിന് തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് ശേഷം സംസ്ഥാനത്തുടനീളം നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഈ അക്രമങ്ങളില്‍ 15ലധികം പേരാണ് മരിച്ചത്. 22 ജില്ലകളിലായി 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളും 9,730 പഞ്ചായത്ത് സമിതി സീറ്റുകളുമുണ്ട്. ഡാർജിലിങ്, കലിംപോങ് എന്നിങ്ങനെ 20 ജില്ലകളിലായി 928 ജില്ല പരിഷത്ത് സീറ്റുകളില്‍ ഗൂർഖാലാൻഡ് ടെറിട്ടോറിയൽ അഡ്‌മിനിസ്ട്രേഷന്‍ (ജിടിഎ), സിലിഗുരി സബ് ഡിവിഷണൽ കൗൺസില്‍ എന്നിങ്ങനെ ദ്വിതല സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്.
ഇടയ്ക്കിടെ പെയ്യുന്ന മഴയ്‌ക്കിടയിലും ആളുകൾ രാവിലെ ആറ് മണിക്ക് തന്നെ പോളിങ് ബൂത്തിലെത്തിയിരുന്നു. പോളിങ് തുടങ്ങുന്നതിന് മുന്‍പ് തന്നെ ബൂത്തിന് പുറത്ത് നീണ്ട ക്യൂവാണുണ്ടായത്. ഭരണകക്ഷിയായ തൃണമൂല്‍ ജില്ല പരിഷത്തുകളിലെ 928 സീറ്റുകളിലും പുറമെ പഞ്ചായത്ത് സമിതികളില്‍ 9,419, ഗ്രാമപഞ്ചായത്തുകളില്‍ 61,591 എന്നിങ്ങനെയുള്ള സീറ്റുകളിലുമാണ് മത്സരിക്കുന്നത്. 897 ജില്ല പരിഷത്ത് സീറ്റുകളിലും 7,032 പഞ്ചായത്ത് സമിതി സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിൽ 38,475 സീറ്റുകളിലുമാണ് ബിജെപി സ്ഥാനാർഥികളെ നിർത്തിയത്.
വിന്യസിച്ചത് 70,000 പൊലീസ്: 747 ജില്ല പരിഷത്ത് സീറ്റുകളിലും 6,752 പഞ്ചായത്ത് സമിതി സീറ്റുകളിലും 35,411 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ് സിപിഎം മത്സരിക്കുന്നത്. 644 ജില്ല പരിഷത്ത് സീറ്റുകളിലും 2,197 പഞ്ചായത്ത് സമിതി സീറ്റുകളിലും 11,774 ഗ്രാമപഞ്ചായത്ത് സീറ്റുകളിലുമാണ് കോൺഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി 70,000 പൊലീസിനേയും 600 കമ്പനി കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജനങ്ങളും വോട്ട് രേഖപ്പെടുത്താന്‍ തയ്യാറാവണമെന്ന് ഗവർണർ സിവി ആനന്ദ ബോസ് വെള്ളിയാഴ്‌ച അഭ്യര്‍ഥിച്ചു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാരക്‌പൂർ, ബാസിർഹട്ട് എന്നീ സ്ഥലങ്ങളും നാദിയ ജില്ലയുടെ ചില ഭാഗങ്ങളും ഗവര്‍ണര്‍ സന്ദർശിക്കുമെന്നാണ് വിവരം. മുഖ്യമന്ത്രി മമത ബാനർജിയും തൃണമുല്‍ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും ചേർന്നാണ് ഭരണകക്ഷിയുടെ പ്രചാരണത്തിന് നേതൃത്വം നൽകിയത്. സിപിഎം, കോണ്‍ഗ്രസ്, ബിജെപി എന്നീ പ്രതിപക്ഷ പാർട്ടികള്‍ മമത സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്‍പായി ഉയര്‍ത്തിയത്. പഞ്ചായത്തുതലം മുതൽ സംസ്ഥാന തലത്തിലുള്ള അധ്യാപക നിയമനം, രാഷ്‌ട്രീയ അക്രമങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രചാരണം.