കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തരംഗം. പുറത്തുവന്ന 23,344 സീറ്റുകളിലെ ഫലങ്ങളില്‍ 16,330 എണ്ണത്തിലും സംസ്ഥാന ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതുകൂടാതെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 3,002 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുകയുമാണ്.
തൃണമൂലിന്‍റെ പ്രധാന വൈരികളായ ബിജെപി 3,790 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ഇതുകൂടാതെ 802 സീറ്റുകളില്‍ ഇവര്‍ മുന്നിലുമാണ്. 1,365 സീറ്റുകളാണ് ഇടതുപക്ഷം നേടിയിട്ടുള്ളത്. ഇതില്‍ 1,206 സീറ്റുകളും സിപിഎം ഒറ്റയ്‌ക്ക് വിജയിച്ച സീറ്റുകളാണ്. ഇതുകൂടാതെ 621 സീറ്റുകളില്‍ ഇടതുപക്ഷം മുന്നേറുന്നുമുണ്ട്. 886 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചുകയറിയിട്ടുള്ളത്. 256 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിലുമാണ്.
പ്രധാന പാര്‍ട്ടികളായ ഇവരെ കൂടാതെ അടുത്തിടെ രൂപീകൃതമായ ഐഎസ്‌എഫ് 937 സീറ്റുകളില്‍ വിജയിക്കുകയും 190 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല തൃണമൂല്‍ വിമതര്‍ ഉള്‍പ്പെടുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ 418 സീറ്റുകളില്‍ വിജയിക്കുകയും 73 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ നിലവില്‍ ഫലം പുറത്തുവന്ന 18 ജില്ല പരിഷത്തുകളിലും വിജയിച്ചിരിക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസാണ്. ആകെയുള്ള 928 ജില്ല പരിഷത്ത് സീറ്റുകളില്‍ നിലവില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 30 എണ്ണത്തില്‍ തൃണമൂലും ഒന്നില്‍ സിപിഎമ്മുമാണ് മുന്നിലുള്ളത്. 63,299 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്.
ബംഗാള്‍ പോരാട്ടം : തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയിലും സംസ്ഥാന സർക്കാരിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നതെന്നറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുനാല്‍ ഘോഷ് രംഗത്തെത്തി. ബിജെപിയുടെ ഭിന്നിപ്പിന്‍റെ രാഷ്‌ട്രീയവും കോൺഗ്രസിന്‍റെയും സിപിഎമ്മിന്‍റെയും നിഷേധാത്മക രാഷ്‌ട്രീയവും ജനങ്ങൾ തള്ളിക്കളഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഫല സൂചനകളായി പരിഗണിക്കുമെന്നതിനാല്‍ തന്നെ രാഷ്‌ട്രീയ പാര്‍ട്ടികളെല്ലാം ഏറെ ഗൗരവമായാണ് പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിനെ സമീപിച്ചത്.
പോളിങ്ങും വോട്ടെണ്ണലും : കലാപം രൂക്ഷമായ പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ചൊവ്വാഴ്‌ച രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. ആദ്യനിമിഷം മുതല്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമായ മേല്‍ക്കൈ പ്രകടമാക്കിയിരുന്നു. ആദ്യം ഗ്രാമ പഞ്ചായത്തുകളിലേയും തുടർന്ന് ജില്ല സമിതികളിലേയും ജില്ല പരിഷത്തുകളിലേയും വോട്ടുകളാണ് എണ്ണിയത്. എല്ലാ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സുരക്ഷയ്ക്കായി കേന്ദ്രസേനാംഗങ്ങളെയും വിന്യസിച്ചിരുന്നു. ഇതുകൂടാതെ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലായിരുന്നു വോട്ടെണ്ണൽ.
ജൂലൈ എട്ടിനായിരുന്നു പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ പോളിങ് ദിവസം കള്ളവോട്ട്, ബൂത്ത് പിടിച്ചെടുക്കൽ, ക്രമക്കേട് തുടങ്ങി നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തുടർന്ന് ഇവിടങ്ങളിലെ വോട്ടിങ് അസാധുവായി പ്രഖ്യാപിക്കുകയായിരുന്നു. മാത്രമല്ല ജൂലൈ എട്ടിന് അക്രമസംഭവങ്ങളുണ്ടായ ജില്ലകളിൽ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് സന്ദർശനം നടത്തുകയും ചെയ്‌തു.