വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതും അതുമൂലം ജനവാസമേഖലയിലും ജനങ്ങള്‍ക്കുമുണ്ടാവുന്ന ദുരിതങ്ങളും മറ്റ് സംസ്ഥാനങ്ങള്‍ പോലെ തന്നെ കേരളത്തിനും പുത്തരിയല്ല. വന്യമൃഗങ്ങളുടെ ആക്രമണങ്ങളെ തുടര്‍ന്നുള്ള ജീവഹാനിയും ഗുരുതര പരിക്കുകളും ഇതിനൊപ്പം തന്നെ പരിഗണിച്ചുപോവേണ്ടതുമുണ്ട്. അടുത്തിടെ അരിക്കൊമ്പന്‍റെ ജനവാസമേഖലയിലുള്ള സ്വൈര്യവിഹാരവും ഇവനെ പിടികൂടി മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കാനുള്ള ശ്രമകരമായ ശ്രമങ്ങളുമെല്ലാം ലോകം കണ്ടതുമാണ്.
മാറ്റം വരാത്ത ചില നടപടികള്‍: വന്യജീവികളുടെ സാന്നിധ്യം പ്രദേശവാസികള്‍ നല്‍കുന്ന വിവരങ്ങളിലൂടെയും ദൃക്‌സാക്ഷി വിവരണത്തിലൂടെയുമാണ് വനം വകുപ്പ് അധികൃതര്‍ അറിയാറുള്ളത്. തുടര്‍ന്ന് സാന്നിധ്യം സ്ഥിരീകരിക്കുന്നതിനായുള്ള തെളിവ് ശേഖരണവും വിവരശേഖരണവും മുറ പോലെ നടക്കും. വന്യമൃഗങ്ങളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നതും നീരീക്ഷണവും ആരംഭിക്കും.
പിന്നാലെ പടക്കം പൊട്ടിച്ച് തിരിച്ചോടിക്കലും മറ്റൊരു തലത്തിലേക്ക് കടന്നാല്‍ കെണിയൊരുക്കിയും മയക്കുവെടി ഉപയോഗിച്ചും കീഴ്‌പ്പെടുത്തി ആവാസവ്യവസ്ഥയിലേക്ക് മടക്കിയയ്‌ക്കലും ഉള്‍പ്പടെ നടപടികളുടെ നീണ്ട നിരയാണ്. എന്നാല്‍ ഇവ ഓരോന്നിനും അനുമതി ലഭിക്കുന്നതുള്‍പ്പടെ ശ്രമം വിജയിപ്പിച്ചെടുക്കുന്നതിന് സമയനഷ്‌ടവും ധനനഷ്‌ടവും ഊര്‍ജ്ജ നഷ്‌ടവും വേറെയും.
ചെലവെങ്കിലും പരിഗണിക്കേണ്ടേ?: ഇതിനൊപ്പം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി പൊതുജീവിതം ഭയപ്പാടിലാക്കി തുടങ്ങുന്നതോടെ ആരംഭിക്കുന്ന പ്രതിഷേധങ്ങളും ഉപരോധങ്ങളും ചില്ലറയല്ല വനം വകുപ്പിനെ വലയ്‌ക്കാറുള്ളത്. അക്രമകാരികളായ വന്യജീവികളെ പിടികൂടുന്നത് വരെ അരങ്ങേറുന്ന ഓരോ നാശനഷ്‌ടങ്ങള്‍ക്കും വനം വന്യജീവി വകുപ്പും അതുവഴി സര്‍ക്കാരും മറുപടി പറയേണ്ടതായുമുണ്ട്.
അതുകൊണ്ടുതന്നെ ഇത്തരം മൃഗങ്ങളുടെ സാന്നിധ്യം സംശയിക്കുന്ന മേഖലകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചും ടെന്‍ഡ് കെട്ടി നിരീക്ഷണം ആരംഭിച്ചും മുന്നോട്ടുപോവാറാണ് പതിവെങ്കിലും ഇതില്‍ ശാശ്വത പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. ഇതിനൊപ്പം വന്യജീവികളുടെ ആക്രമണത്തില്‍ കൊലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കുമുള്ള ധനസഹായം ലഭ്യമാക്കുന്ന ഇനത്തിലും സര്‍ക്കാരിന് വലിയ രീതിയില്‍ ചെലവ് വരാറുണ്ട്.
മൃഗങ്ങളെ കാണുമ്പോള്‍ മാത്രം വലയുമെടുത്ത് ഇറങ്ങുന്ന കാലാകാലങ്ങളായി പിന്തുടര്‍ന്നുവരുന്ന സമീപനത്തില്‍ മാറ്റം വരേണ്ടതുണ്ട്. ജനവാസ മേഖലകളിലിറങ്ങി പരിഭ്രാന്തി സൃഷ്‌ടിക്കുന്ന വന്യമൃഗങ്ങളെ പിടികൂടാന്‍ പ്രത്യേക ദൗത്യങ്ങളും നീണ്ടനിര ദൗത്യസേനയും തുടങ്ങി ദൗത്യത്തിന്‍റെ ഓരോ ഘട്ടത്തിലെയും ചെലവുകള്‍ മാത്രം പരിഗണിച്ചാല്‍ തന്നെ മറ്റൊരു മാര്‍ഗത്തിന്‍റെ ആവശ്യകത വ്യക്തവുമാണ്. എന്നാല്‍ ഇത് അത്ര തലപുകയ്‌ക്കേണ്ട ഒന്നല്ലെന്നാണ് പശ്ചിമ ബംഗാള്‍ പ്രവര്‍ത്തനത്തിലൂടെ തെളിയിക്കുന്നത്.
ഒപ്പിയെടുക്കാവുന്ന 'ബംഗാള്‍ മോഡല്‍': ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സാധ്യതകളും അപകട സാധ്യതകളും നിലവില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍ നിര്‍മിതബുദ്ധിയുടെ സാധ്യതകളെ വന്യജീവികളും മനുഷ്യനുമായുള്ള സംഘട്ടനം ഒഴിവാക്കുന്നതില്‍ ഫലപ്രദമായി ഉപയോഗിക്കുകയാണ് പശ്ചിമ ബംഗാള്‍.
അതായത് നിലവില്‍ കാട്ടാനകള്‍ ജനവാസ മേഖലയിലെത്തുന്നത് തടയുന്നതിനായി എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുകയാണ് സംസ്ഥാനം. ഇതുപ്രകാരം ഝാർഗ്രാം, ബങ്കുര, പുരുലിയ എന്നിവിടങ്ങളിലെ വനമേഖലയോട് ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളിലേക്കും റെയില്‍വേ ട്രാക്കിലേക്കുമെത്തുന്ന കാട്ടാനകളുടെ സാന്നിധ്യം എളുപ്പത്തില്‍ മനസിലാക്കാനാവും.
പ്രവര്‍ത്തനം ഇങ്ങനെ: അതായത് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇവിടെയെത്തുന്ന ആനകളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും ഇവയെ സ്വയമേവ നിരീക്ഷിക്കുകയും ചെയ്യും. തുടര്‍ന്ന് ഈ സംവിധാനം നല്‍കുന്ന പ്രതികരണം അടിസ്ഥാനമാക്കി പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വഴിതെറ്റിയെത്തുന്ന കന്നുകാലികളെ ഇവിടേക്ക് എത്താതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളും ആരംഭിക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദെബൽ റോയ് അറിയിച്ചു.
മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാനായി ഒരു ജാപ്പനീസ് ഏജൻസിയുടെ മേല്‍നോട്ടത്തിലുള്ള വലിയ പദ്ധതിയുടെ ഭാഗമാണിത്. ട്രെയിനുകൾക്ക് സമീപം ആനകൾ വരുന്നത് തടയാൻ അലിപുർദുവാർ മുതൽ ഫലകാത്ത വരെ 34 കിലോമീറ്റര്‍ റെയിൽവേ ട്രാക്കുകളിൽ ഫൈബർ ഒപ്റ്റിക് കേബിൾ സ്ഥാപിച്ചുകൊണ്ടുള്ളതാണ് പൈലറ്റ് പ്രോജക്റ്റ്. ഇതുവഴി ലഭിക്കുന്ന വിവരങ്ങള്‍ മൊബൈൽ ഫോണുകളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്‌ത വനംവകുപ്പ് ആപ്പില്‍ ലഭ്യമാകും. ഝാർഗ്രാം ജില്ലയിൽ പദ്ധതി ഇതിനോടകം പരീക്ഷിച്ച് വിജയിച്ചതാണെന്നും വൈകാതെ തന്നെ ഫൈബർ ഒപ്റ്റിക് ശൃംഖല സിലിഗുരി വരെ നീട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിലവില്‍ ഇത് ആനകളെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും വൈകാതെ തന്നെ എല്ലാ വന്യജീവികളുടെയും സാന്നിധ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സഹായകമാവുന്നതായി വികസിപ്പിക്കുമെന്നാണ് ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.