ഗാന്ധിനഗർ : ഗുജറാത്തിലെ ദേവഭൂമി ദ്വാരകയിലുള്ള ദ്വാരകാധീഷ് ജഗത് ക്ഷേത്രത്തിൽ ഇറക്കം കുറഞ്ഞ വസ്‌ത്രങ്ങൾ ധരിക്കുന്നത് നിരോധിച്ച് ഭരണസമിതി. ക്ഷേത്രത്തിന്‍റെ അന്തസ്സിന് ചേരുന്ന ഭാരതീയ വസ്‌ത്രങ്ങൾ ധരിച്ച് മാത്രമേ ക്ഷേത്രപരിസരത്ത് പ്രവേശിക്കാവൂ എന്ന് കമ്മിറ്റി ബാനറുകൾ സ്ഥാപിച്ചു. കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തിന്‍റെ പ്രതീകമായ ക്ഷേത്രത്തിൽ ഭാരതീയ സംസ്‌കാരപ്രകാരമുള്ള വസ്‌ത്രം ധരിച്ച് മാത്രമേ പ്രവേശിക്കാവൂ എന്നാണ് ദേവസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
ജഗത് മന്ദിർ സന്ദർശിക്കുന്ന ഒരു ഭക്തന്‍റെയും വികാരം വ്രണപ്പെടാതിരിക്കാനാണ് തീരുമാനമെന്ന് അറിയിച്ച കമ്മിറ്റി, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ബാനറുകൾ സ്ഥാപിക്കുകയായിരുന്നു. ഗുജറാത്തിലെ പ്രശസ്‌തമായ ഹിന്ദുമത തീർഥാടന കേന്ദ്രമാണ് ദ്വാരകയിലെ ദ്വാരകാധീഷ് ജഗത് ക്ഷേത്രം. ഇവിടെ ദർശനത്തിനായി ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.
അതിനാൽ, പുതിയ ക്ഷേത്ര കമ്മിറ്റി തീരുമാനത്തെക്കുറിച്ച് പുറത്തുനിന്നുള്ള വിനോദസഞ്ചാരികളെ അറിയിക്കാൻ ക്ഷേത്രപരിസരത്തുള്ള ഹോട്ടൽ ഉടമകളോടും റിക്ഷ ഡ്രൈവർമാരോടും കമ്മിറ്റി അഭ്യർഥിച്ചിട്ടുണ്ട്. മിനി സ്‌കേർട്ടോ ബർമൂഡയോ ധരിച്ച് വരുന്നവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല, ആവശ്യക്കാരായ സ്‌ത്രീകൾക്ക് ദുപ്പട്ട (ഷാൾ) വാങ്ങാനുള്ള സൗകര്യവും ക്ഷേത്രത്തിന് പുറത്ത് ഒരുക്കിയിട്ടുണ്ട്. നിലവിൽ ഗുജറാത്തിലെ പല ക്ഷേത്രങ്ങളിലും ഇത്തരത്തിൽ ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
കീറിപ്പറഞ്ഞ വസ്‌ത്രങ്ങൾക്ക് നിരോധനം : കഴിഞ്ഞ മാസം രാജസ്ഥാനിലെ ശിവപുരി ധാമിൽ ദർശനത്തിനെത്തുന്ന ഭക്തര്‍ക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തിയിരുന്നു. ഭക്തർ ദർശനത്തിനെത്തുമ്പോൾ മാന്യമായ വസ്‌ത്രം ധരിക്കണമെന്നതാണ് ഡ്രസ് കോഡ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ക്ഷേത്രം മാനേജ്‌മെന്‍റ് അറിയിച്ചു. ശിവപുരം ക്ഷേത്രത്തിന്‍റെ പരിസരങ്ങളിൽ സന്ദർശകർ കീറിപ്പറഞ്ഞ വസ്‌ത്രങ്ങളും ഷോട്‌സുകളും ഡിസൈൻ ചെയ്‌ത വസ്‌ത്രങ്ങളും ധരിക്കുന്നതാണ് ഭരണസമിതി വിലക്കിയത്.
തീരുമാനം സംബന്ധിച്ച് ക്ഷേത്രത്തിന് പുറത്ത് നോട്ടിസ് പതിക്കുകയും ചെയ്‌തു. മോശം വസ്‌ത്രം ധരിച്ച് നിരവധി ഭക്തർ ധാം സന്ദർശിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഡ്രസ് കോഡ് നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ക്ഷേത്രത്തിന്‍റെ അധികാരി സനാതൻ പുരി മഹാരാജ് പറഞ്ഞു. പുരുഷന്മാരും സ്‌ത്രീകളും കീറിപ്പറഞ്ഞ ജീൻസും ഡിസൈൻ ചെയ്‌ത വസ്‌ത്രങ്ങളും ധരിച്ച് ക്ഷേത്രത്തിലെത്തുന്നുണ്ടെന്നും അതിനാൽ എല്ലാവരും സനാതന ധർമ്മം പാലിക്കണമെന്നും മാന്യമായ വസ്‌ത്രം ധരിച്ച് മാത്രം ക്ഷേത്രത്തിൽ വരണമെന്നും അഭ്യർഥിക്കുന്ന ഒരു ബോർഡാണ് ക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചത്.
also read : Dress code | കീറിപ്പറഞ്ഞതും ഡിസൈൻ ചെയ്‌തതും പാടില്ല, ഭക്തർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി ശിവപുരി ധാം
വസ്‌ത്ര നിയന്ത്രണം ഏർപ്പെടുത്തി മഹാരാഷ്‌ട്ര മന്ദിർ മഹാസംഘം : ഈ വർഷം മെയ് മാസത്തിൽ നാഗ്‌പൂർ ജില്ലയിലെ നാല് ക്ഷേത്രങ്ങളിൽ ഭക്തർക്കായി സമാനമായ ഡ്രസ് കോഡ് സംവിധാനം ക്ഷേത്ര ഭരണ സമിതികളുടെ സംഘടനയായ മഹാരാഷ്‌ട്ര മന്ദിർ മഹാസംഘം കൊണ്ടുവന്നിരുന്നു. ധന്തോളിയിലെ ഗോപാലകൃഷ്‌ണ ക്ഷേത്രം, ബെല്ലാരിയിലെ സങ്കത്‌മോചൻ പഞ്ചമുഖി ഹനുമാൻ ക്ഷേത്രം, കനോലിബാരയിലെ ബൃഹസ്‌പതി ക്ഷേത്രം, ഹിൽടോപ്പിലെ ദുർഗാമാതാ ക്ഷേത്രം എന്നിവിടങ്ങളിലാണ് ഡ്രസ് കോഡ് നടപ്പാക്കിയത്.