മുംബൈ: സംസ്ഥാനത്തിന് 3 ലക്ഷം വാക്സിന്‍ ഡോസുകൾ മാത്രമാണ് ലഭിച്ചതെന്നും ഇതിൽ 20,000 ഡോസുകൾ പൂനെക്ക് നൽകിയതായും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. 45 വയസും അതിൽ കൂടുതലുമുള്ള ആളുകൾക്ക് വാക്സിനേഷന്‍ നൽകാന്‍ ആവശ്യമായ ഡോസുകൾ ഇപ്പോൾ ലഭ്യമല്ലെന്ന് മന്ത്രി പറഞ്ഞു.
മൂന്നാം ഘട്ട വാക്സിനേഷൻ രാജ്യത്ത് ശനിയാഴ്ച ആരംഭിച്ചു. ചില സംസ്ഥാനങ്ങൾ വാക്സിനുകളുടെ കുറവ് ചൂണ്ടികാണിക്കുകയും 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിനേഷൻ ആരംഭിക്കാനുള്ള സാധ്യതക്കുറവ് പ്രകടമാക്കുകയും ചെയ്തിരുന്നു.
"18നും 44 വയസ്സിനുമിടയിൽ പ്രായമുള്ളവർക്ക് വാക്സിനേഷന്‍ ആരംഭിക്കുമെന്ന് ഞങ്ങൾ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. മഹാരാഷ്ട്രയിൽ ഈ പ്രായ വിഭാഗത്തിൽ 5.71 കോടി ആളുകളുണ്ട്. ഏകദേശം 12 കോടി ആളുകൾക്ക് വാക്സിന്‍ നൽകണം. 6.5 കോടി വാക്സിൻ ഡോസുകൾ വാങ്ങേണ്ടതായിരുന്നു", എന്ന് പവാർ പറഞ്ഞു.
ഇത്രയും വലിയ അളവിൽ വാക്സിനുകൾ നൽകുന്നത് ബുദ്ധിമുട്ടാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയോട് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദർ പൂനവല്ല പറഞ്ഞിരുന്നുവെന്നും മതിയായ വാക്സിൻ ഡോസുകൾ വാങ്ങുന്നതിന് സംസ്ഥാന സർക്കാർ ഭാരത് ബയോടെക്കുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"മഹാരാഷ്ട്ര മാത്രമല്ല മറ്റ് പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ഏർപ്പെടുത്തുകയോ അല്ലെങ്കിൽ ലോക്ക്ഡൗൺ നീട്ടുകയോ ചെയ്തിട്ടുണ്ടെന്ന് മഹാരാഷ്ട്രയിലെ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പവാർ പ്രതികരിച്ചു .
കൊവിഡ് രൂക്ഷമായതിനെതുടർന്ന് മഹാരാഷ്ട്ര സർക്കാർ മെയ് 15 വരെ ലോക്ക്ഡൗൺ നീട്ടിയിരുന്നു. സംസ്ഥാനത്ത് 66,159 പേർക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 6,64,683 സജീവ കേസുകളാണുള്ളത്.