ബെംഗളൂരു : ഉഡുപ്പിയിലെ പാരാമെഡിക്കൽ കോളജ് വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ സഹ വിദ്യാർഥിനികൾ പകർത്തിയെന്ന ആരോപണത്തിന് പിന്നാലെ കോളജ് സന്ദര്‍ശിച്ച് ദേശീയ വനിത കമ്മിഷൻ അംഗം (National Commission for Women) ഖുഷ്‌ബു സുന്ദർ. ബുധനാഴ്‌ച വൈകുന്നേരമാണ് അവര്‍ കോളജിലെത്തിയത്. വിദ്യാർഥികൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് അന്വേഷിക്കാനാണ് താൻ വന്നതെന്ന് ഖുഷ്‌ബു മാധ്യമങ്ങളോട് പറഞ്ഞു.
കേസ് പൂർണമായും മനസ്സിലാക്കേണ്ടതുണ്ട്. രണ്ട് ദിവസം താൻ ഇവിടെയുണ്ടാകും. പൊലീസിൽ നിന്ന് സംഭവത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ തേടും. എന്താണ് സംഭവിച്ചതെന്ന് കോളജ് മാനേജ്‌മെന്‍റില്‍ നിന്നും വിദ്യാർഥികളില്‍ നിന്നും ചോദിച്ചറിയും. ഇതുമായി ബന്ധപ്പെട്ട മറ്റുള്ളവരുമായും ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് വിശദമായി പ്രതികരിക്കാമെന്നും അവര്‍ വ്യക്തമാക്കി.
ഖുഷ്‌ബു മാധ്യമങ്ങളോട് : എൻസിഡബ്ല്യു ഒരു സ്വയംഭരണ സ്ഥാപനമാണ്. ഞങ്ങൾ ഈ രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. എൻസിഡബ്ല്യു ഒരു രാഷ്ട്രീയ പാർട്ടിക്ക് കീഴിലല്ല, ഇന്ത്യ ഗവൺമെന്‍റിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഏത് ജാതിയിലും മതത്തിലും സാമൂഹിക പശ്ചാത്തലത്തിലുംപെട്ട സ്ത്രീകളെയും സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്' - ദേശീയ വനിത കമ്മിഷൻ അംഗം ഖുഷ്‌ബു പറഞ്ഞു.
വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ച് മൂന്ന് പെൺകുട്ടികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്‌തിരുന്നു. സംഭവത്തിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. പ്രതികളായ വിദ്യാർഥികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വിദ്യാർഥിനിയും പ്രതികളായ മൂന്ന് പെൺകുട്ടികളും രണ്ട് വ്യത്യസ്‌ത മതങ്ങളില്‍പ്പെട്ടവരാണെന്നും മൂന്ന് വിദ്യാർഥിനികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുകയാണ്. അതേസമയം സംഭവത്തിൽ മാൽപെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ കുപ്രചരണങ്ങൾ നടത്തരുതെന്ന് എസ്‌പി അക്ഷയ് മചീന്ദ്ര മുന്നറിയിപ്പ് നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ അത്തരം വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് പ്രചരണങ്ങളാരംഭിച്ച് ദിവസങ്ങൾക്ക് ശേഷമാണ് സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ആരോപണം നേരിടുന്ന മൂന്ന് വിദ്യാർഥികൾക്കും കോളജ് അഡ്‌മിനിസ്‌ട്രേഷനും എതിരായാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. വീഡിയോ പകർത്തിയ ശേഷം പിന്നീട് പെൺകുട്ടികൾ അത് ഡിലീറ്റ് ചെയ്‌തുവെന്നും അതിനാൽ തെളിവ് നശിപ്പിക്കൽ, പെൺകുട്ടിയുടെ സൽപ്പേര് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിഷേധവുമായി ബിജെപി : സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധമുയര്‍ത്തുകയാണ്. വിദ്യാർഥിനിയും പ്രതികളായ മൂന്ന് പെൺകുട്ടികളും രണ്ട് വ്യത്യസ്‌ത മതങ്ങളില്‍ പെട്ടവരാണെന്നും ആരോപണം നേരിടുന്ന മൂവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. കുറ്റക്കാർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഇന്ന് മഹിളാമോർച്ച സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
കേസ് ഒതുക്കി തീർക്കാനാണ് കോളജ് അധികൃതർ ശ്രമിക്കുന്നത്. യാതൊരുവിധ സമ്മർദങ്ങൾക്കും വഴങ്ങാതെ പൊലീസ് കൃത്യമായി കേസിൽ അന്വേഷണം നടത്തണമെന്നും വിദ്യാർഥികൾ ഡിലീറ്റ് ചെയ്‌തു എന്ന് പറയുന്ന വീഡിയോ വീണ്ടെടുത്ത് കുറ്റകൃത്യത്തിൽ പങ്കുള്ളവർക്ക് തക്കതായ ശിക്ഷ നൽകണം എന്നുമാണ് ബിജെപി ആവശ്യപ്പെടുന്നത്. എന്നാൽ, ബിജെപി ഈ വിഷയം രാഷ്‌ട്രീയവത്കരിക്കുകയാണെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.