ചെന്നൈ : വിഖ്യാത ചലച്ചിത്രകാരന്‍ സ്റ്റീവൻ സ്‌പിൽബർഗിന് നേരിടേണ്ടി വന്നിട്ടില്ലാത്ത വിമർശനങ്ങൾ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നതായി 'ദി കശ്‌മീർ ഫയൽസ്' സംവിധായകന്‍ വിവേക് അഗ്നിഹോത്രി. 'കശ്‌മീർ ഫയൽസ്' സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ തനിക്ക് വലിയ ഭീഷണികള്‍ നേരിടേണ്ടി വന്നു. എന്നാല്‍, അമേരിക്കന്‍ സംവിധായകന്‍ സ്റ്റീവൻ സ്‌പിൽബർഗിന്‍റെ 'ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്' എന്ന ചിത്രത്തിന് ഇത്രയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും ചെന്നൈയിലെ പുസ്‌തക പ്രകാശന വേദിയില്‍ വിവേക് പറഞ്ഞു.
'അവര്‍ കശ്‌മീര്‍ ജനതയെ മതംമാറ്റി': രാജ്യത്തെ വ്യാജ മതേതരത്വത്തിൽ നിന്ന് മോചിപ്പിക്കുകയാണ് കാലഘട്ടത്തിന്‍റെ ആവശ്യം. മറ്റൊരു സ്വാതന്ത്ര്യ മുന്നേറ്റമോ സാംസ്‌കാരിക നവോഥാനമോ രാജ്യത്ത് സംഭവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം രാജ്യത്ത് പീഡനം അനുഭവിക്കുന്ന ആളുകൾ ഇന്ത്യയിലേക്ക് വരുന്നു. അങ്ങനെ, കശ്‌മീരിലെത്തിയവര്‍ക്ക് നമ്മള്‍ അഭയം നൽകി. എന്നാല്‍, അവര്‍ കശ്‌മീരിലെ ജനങ്ങളെ കൊള്ളയടിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. പ്രൊഫ. പി.ആർ മുകുന്ദ് രചിച്ച '10 ഗുണങ്ങൾ' എന്ന പുസ്‌ത പ്രകാശന ചടങ്ങിലാണ് വിവേക് അഗ്നിഹോത്രിയുടെ പ്രസ്‌താവന.
മനുഷ്യരാശിയുടെ ചരിത്രത്തിൽ എല്ലാ മതങ്ങളെയും പരിപോഷിപ്പിക്കുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. ഇവിടെ, നിങ്ങൾക്ക് എല്ലാത്തരം ആരാധനാലയങ്ങളും കാണാം. ഇന്ത്യ എല്ലാവരെയും ഒരുപോലെ നോക്കിക്കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്‌ത്, 2022 മാര്‍ച്ച് 11 ന് പുറത്തിറങ്ങിയ ചിത്രമാണ് കശ്‌മീരി ഫയല്‍സ്. കശ്‌മീരി പണ്ഡിറ്റുകളുടെ പലായനവും അവര്‍ അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്‍റെ പ്രമേയം.
'ന്യൂനപക്ഷത്തെ മോശക്കാരാക്കി': പ്രശംസയും വിമര്‍ശനവും ഒരുപോലെ സിനിമയ്‌ക്ക് ലഭിച്ചിരുന്നു. ചിത്രം പുറത്തിറങ്ങി കുറഞ്ഞ ദിവസംകൊണ്ട് സിനിമ 200 കോടി ക്ലബ്ബില്‍ ഇടം നേടി. കശ്‌മീരി ഫയല്‍സ് ന്യൂനപക്ഷക്കാരെ ആകെ മോശമാക്കി കാണിച്ചുവെന്നും സിനിമ ഉപയോഗിച്ച് വര്‍ഗീയവത്‌കരണമാണ് നടക്കുന്നതെന്നും വിമര്‍ശനമുയര്‍ന്നു. അമേരിക്കന്‍ സംവിധായകന്‍ സ്റ്റീവന്‍ സ്‌പില്‍ബര്‍ഗിന്‍റെ 1993 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്'.
ജർമൻ വ്യവസായിയും നാസി പാർട്ടി അംഗവുമായ ഓസ്‌കര്‍ ഷിൻഡ്‌ലറെക്കുറിച്ചാണ് ചിത്രം പറയുന്നത്. പീഡനത്തിനിരയാകുന്ന പോളണ്ടിലെ തന്‍റെ ജൂത ജീവനക്കാരെ രക്ഷിക്കാൻ ഷിന്‍ഡ്‌ലര്‍ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം.