ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന്‍റെ പുതിയ തലസ്ഥാനമായി വിശാഖപട്ടണത്തെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി. ഡല്‍ഹിയില്‍ നടന്ന ഇന്‍റര്‍നാഷണല്‍ ഡിപ്ലോമാറ്റിക് അലയന്‍സ് മീറ്റിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നിലവിൽ അമരാവതിയാണ് ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനം.
ആന്ധ്രയുടെ പുതിയ തലസ്ഥാനമാകുന്ന വിശാഖപട്ടണത്തേക്ക് എല്ലാവരെയും ക്ഷണിക്കുകയാണ്. മാർച്ച് 3, 4 തിയതികളിൽ വിശാഖപട്ടണത്ത് അന്താരാഷ്‌ട്ര നിക്ഷേപക ഉച്ചകോടി നടത്തും. എല്ലാവരും എത്തിച്ചേരണം, തന്‍റെ സംസ്ഥാനം എത്രത്തോളം നിക്ഷേപ സൗഹാർദ്ദമാണെന്ന് എല്ലാവരും നേരിട്ട് അറിയണം. താനും വിശാഖപട്ടണത്തേക്ക് ഉടൻ മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണറുടെ ആസ്ഥാനം വിശാഖപട്ടണത്തേക്ക് മാറ്റും. എന്നാൽ നിയമസഭയുടെ പ്രവര്‍ത്തനം അമരാവതിയില്‍ തന്നെയാകും. ഹൈക്കോടതി മറ്റൊരു നഗരമായ കര്‍ണൂലിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു.
2015-ലാണ് ആന്ധ്ര സര്‍ക്കാര്‍ അമരാവതിയെ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചത്. എന്നാൽ 2020-ല്‍ സംസ്ഥാനത്ത് മൂന്ന് തലസ്ഥാന നഗരങ്ങള്‍ വേണമെന്നും ഇതിനായുള്ള പദ്ധതിയും സര്‍ക്കാര്‍ ആസൂത്രണം ചെയ്‌തിരുന്നു. അമരാവതിക്ക് പുറമേ വിശാഖപട്ടണം, കുര്‍ണൂല്‍ എന്നിവയായിരുന്നു ഈ നഗരങ്ങള്‍.
മൂന്ന് സ്ഥലങ്ങളും ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനങ്ങളായി പ്രഖ്യാപിക്കാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറാതെ സംസ്ഥാന സർക്കാർ ഉറച്ചു നിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിൽ പരിഗണയിലിരിക്കെയാണ് വിശാഖപട്ടണം പുതിയ തലസ്ഥാനമായുള്ള പ്രഖ്യാപനം.