വിശാഖപട്ടണം : ആന്ധ്രാപ്രദേശിൽ വൈഎസ്‌ആർസിപി എംപി എംവിവി സത്യനാരായണയുടെ ഭാര്യയേയും മകനെയും തട്ടിക്കൊണ്ടു പോയ സംഭവം ക്രൈം വെബ് സീരീസ് കഥകൾ പോലെ നാടകീയം. ഏപ്രിൽ 13നാണ് വിശാഖപട്ടണം എംപിയുടെ ഭാര്യ ജ്യോതിയേയും മകൻ ചന്ദുവിനെയും എംവിപി കോളനിയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. കൂടാതെ ഇവരെ കാണാൻ ചെന്ന എംപിയുടെ ഓഡിറ്ററും ബിസിനസ് പങ്കാളിയും മുഖ്യമന്ത്രി ജഗൻ റെഡ്ഡിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ജി വി എന്ന ഗണ്ണമണി വെങ്കിടേശ്വര റാവുവിനെയും സംഘം തട്ടിക്കൊണ്ട് പോയിരുന്നു.
എംപിയുടെ മകൻ അവധിക്കാലം ആഘോഷിക്കാൻ ഉപയോഗിക്കുന്ന വീട്ടിൽ സിസിടിവി ക്യാമറകളോ സുരക്ഷ ജീവനക്കാരോ ഇല്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് കെട്ടിടം ഉള്ളതെന്നും പ്രതികൾ നേരത്തെ മനസിലാക്കിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇത് മുതലെടുത്ത് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറുകയും എം പിയുടെ മകനെ തടഞ്ഞുവയ്‌ക്കുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ചന്ദുവിനെ സംഘം ഉപദ്രവിച്ചിരുന്നു.
ഭീഷണിയും മർദനവും : ശേഷം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അമ്മയായ ജ്യോതിയെ ഫോണിൽ ബന്ധപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ എംപിയുടെ ഭാര്യയേയും പ്രതികൾ സംഭവസ്ഥലത്ത് എത്തിച്ചു. പിന്നീട് ജ്യോതിയെ കൊണ്ട് വെങ്കിടേശ്വര റാവുവിനെയും വീട്ടിലേയ്‌ക്ക് വിളിച്ചുവരുത്തിക്കുകയായിരുന്നു.
ഓഡിറ്ററെ വിവേചനരഹിതമായി മർദിച്ച ക്രിമിനലുകൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും 1.70 കോടി രൂപ തട്ടിയെടുക്കുകയും ചെയ്‌തു. കൂടാതെ എംപിയുടെ ഭാര്യയുടെ ആഭരണങ്ങളും സംഘം കൊള്ളയടിച്ചു. ഗുണ്ട സംഘത്തിലെ പ്രധാനികളായ ഹേമന്തും ഗാജുവാക രാജേഷും കൊള്ളയടിച്ച മുതലിന്‍റെ പ്രധാന വിഹിതം എടുത്ത ശേഷം സംഘത്തിലെ മറ്റ് അംഗങ്ങൾക്ക് ചെറിയ തുക മാത്രം നൽകുകയായിരുന്നെന്നും ബന്ധികൾ വെളിപ്പെടുത്തി.
ബന്ദികളാക്കിയവരിൽ ഒരാളോട് ഗാജുവാക്ക രാജേഷ് തന്‍റെ മുൻ കാമുകിക്ക് 40 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഭീഷണി ഭയന്ന ബന്ദികൾ അത് സമ്മതിക്കുകയും ചെയ്‌തു. എന്നാൽ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ നിന്നുള്ള പണം തനിക്ക് ആവശ്യമില്ലെന്ന് രാജേഷിന്‍റെ മുൻ കാമുകി ശഠിച്ചു. തുടർന്ന് രണ്ടര ദിവസം തുടർച്ചയായി മദ്യവും കഞ്ചാവും കഴിച്ച സംഘം തങ്ങളെ ക്രൂരമായി മർദിച്ചതായി എംപിയുടെ മകനും ഓഡിറ്റർ ജി വിയും പറഞ്ഞു.
കേസ് പുത്തരിയല്ലെന്ന് പ്രതികൾ : സംസ്ഥാനത്തുടനീളം ഇത്തരത്തിൽ നിരവധി സംഘങ്ങളുണ്ടെന്നും അവരുമായി തങ്ങൾക്ക് അടുത്ത ബന്ധമാണെന്നും പ്രതികൾ ബന്ദികളോട് പറഞ്ഞിരുന്നു. തങ്ങൾക്കെതിരെ പൊലീസ് കേസെടുത്താലും ഒരു മാസം ജയിലിൽ കിടന്ന് പുറത്തുവരുമെന്നും പ്രതികൾ മുന്നറിയിപ്പെന്നോണം പറഞ്ഞതായി ബന്ദികൾ അറിയിച്ചു. സംഭവം നടന്നത് ഏപ്രിൽ 13നാണെങ്കിലും ഭാര്യയേയും മകനെയും കാണാതായതായി എംപി സത്യനാരായണ പൊലീസിൽ പരാതി നൽകിയത് വ്യാഴാഴ്‌ച രാവിലെയായിരുന്നു.
തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചെന്ന് മനസിലാക്കിയ പ്രതികൾ എംപിയുടെ മകന്‍റെ കാലുകളും കൈകളും ബന്ധിച്ച് കാറിന്‍റെ ഡിക്കിയിൽ കയറ്റി സംഭവസ്ഥലത്ത് നിന്ന് കൊണ്ടുപോയി. എന്നാൽ അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പൊലീസ് ബന്ദികളെ രക്ഷപ്പെടുത്തുകയും പ്രതികളെ പിടികൂടുകയും ചെയ്‌തു.