ബറേലി(ഉത്തര്‍ പ്രദേശ്): സര്‍ക്കാര്‍ ഓഫിസിലെത്തിയയാളെ അപമാനിക്കുകയും അപരിഷ്‌കൃത രീതിയില്‍ ശിക്ഷിക്കുകയും ചെയ്‌ത സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന് (Sub Divisional Magistrate) ഉത്തര്‍ പ്രദേശില്‍ പദവി നഷ്‌ടമായി. പരാതി പറയാന്‍ ഓഫിസിലെത്തിയയാളോട് എസ് ഡി എം കയര്‍ക്കുന്നതും തുടര്‍ന്ന് കോഴിയെപ്പോലെ കുനിഞ്ഞിരിക്കാന്‍ നിര്‍ബന്ധിക്കുന്നതുമായ വീഡിയോ ഉത്തര്‍ പ്രദേശില്‍ വ്യാപകമായി പ്രചരിച്ചിരുന്നു (viral video shows humiliating incident in office). അവഹേളിക്കപ്പെട്ടയാളുടെ പരാതിയെത്തുടര്‍ന്ന് ബറേലി ജില്ല മജിസ്ട്രേറ്റാണ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിനെ പദവിയില്‍ നിന്ന് നീക്കിയത്.
ബറേലിയിലെ മിര്‍ഗഞ്ച് പട്ടണത്തിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ ഉദിത് പവാറിന്‍റെ (Udit Pawar) ഓഫിസില്‍ പരാതി ബോധിപ്പിക്കാനെത്തിയ നാട്ടുകാര്‍ക്കാണ് വിചിത്രമായ ശിക്ഷാരീതികള്‍ നേരിടേണ്ടി വന്നത്. മണ്ടന്‍പൂര്‍ ഗ്രാമത്തില്‍ ശ്‌മശാനമില്ലെന്ന പരാതി ബോധിപ്പിക്കാനായിരുന്നു പപ്പു എന്ന് പേരുള്ള യുവാവും മറ്റു ചില ദേശവാസികളും ചേര്‍ന്ന് എസ് ഡി എമ്മിനെ കാണാന്‍ ചെന്നത്. ഹിന്ദു മുസ്‌ലിം വിഭാഗക്കാര്‍ ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന മണ്ടന്‍പൂരില്‍ തങ്ങള്‍ക്ക് കാലാകാലങ്ങളായി ശവസംസ്‌കാരം നടത്താന്‍ ഒരു നിശ്ചിത സ്ഥമില്ല എന്നതായിരുന്നു പപ്പുവിന്‍റെ പരാതി.
എന്നാല്‍, ഈ ഭൂമി തങ്ങളുടേതാണെന്നും ഇത് ശ്‌മശാനമല്ല തങ്ങളുടെ ഖബര്‍സ്ഥാനാണെന്നാണ് മുസ്‌ലിം സമുദായത്തിലെ ചില അംഗങ്ങള്‍ ഉന്നയിക്കുന്നതെന്നും പപ്പു ആരോപിച്ചു. ഈ അവസ്ഥയെ തുടര്‍ന്ന് മറ്റ് സമുദായത്തില്‍പ്പെട്ടവര്‍ക്ക് സംസ്‌കാര ചടങ്ങ് നടത്തുവാന്‍ സാധിക്കുന്നില്ലെന്നും പപ്പു പരാതിയില്‍ ചൂണ്ടിക്കാണിച്ചു.
ഗ്രാമത്തില്‍ ശ്‌മശാനമില്ലെന്ന് കാണിക്കുന്ന തെളിവുകളടങ്ങിയ രേഖയും സമര്‍പ്പിച്ചു. ദീര്‍ഘനാളായുള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നായിരുന്നു താന്‍ കരുതിയത്. ശരിയായ മാര്‍ഗനിര്‍ദേശമോ സഹായമോ നല്‍കുന്നതിന് പകരം എസ് ഡി എം ഉദിത് പവാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും പപ്പു പറഞ്ഞു.
മണ്ടന്‍പൂരില്‍ ശ്‌മശാനമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖകളുമായാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. എന്നാല്‍, കോഴിയെ പോലെ കുനിഞ്ഞിരിക്കാന്‍ പറഞ്ഞുകൊണ്ട് എസ് ഡി എം സാര്‍ എന്നെ ശിക്ഷിച്ചു. എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അസഭ്യം പറയാന്‍ ആരംഭിച്ചു.
ഞാന്‍ മൂന്നാം തവണയാണ് ഇവിടെ വരുന്നത്. എനിക്ക് നീതി ലഭിച്ചില്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എനിക്ക് നീതി ലഭിക്കുന്നത് വരെ ഞാന്‍ ഇപ്രകാരം തന്നെ ഇരിക്കും.
ഔദ്യോഗിക രേഖകളില്‍ ശ്‌മശാനത്തിന്‍റെ കാര്യം പറഞ്ഞിട്ടില്ലെന്നും ഒരു ഖബര്‍സ്ഥാനാണ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതെന്നും അദ്ദേഹം കളവ് പറഞ്ഞു. പവാര്‍ തന്‍റെ പരാതി യാതൊരു ദാക്ഷിണ്യവും കൂടാതെ വലിച്ചെറിഞ്ഞു. തനിക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് പപ്പു പറഞ്ഞു.
എന്നാല്‍, സംഭവിച്ചത് മറിച്ചാണെന്നായിരുന്നു ഉദിത് പവാറിന്‍റെ പ്രതികരണം. കോടതിയില്‍ നിന്നും തിരിച്ചു വരുമ്പോള്‍ ഗ്രാമത്തിലെ അഞ്ചോ, ആറോ പേര്‍ തന്‍റെ ഓഫിസിനുള്ളില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ ഒരാള്‍ നേരത്തെ തന്നെ തറയില്‍ കുനിഞ്ഞിരിക്കുന്നുണ്ടായിരുന്നു.
എന്തിനാണ് ഇത്തരത്തിലിരിക്കുന്നതെന്ന് ഞാന്‍ അയാളോട് ചോദിച്ചിരുന്നു. മാത്രമല്ല, കൂടെ നില്‍ക്കുന്നവരോട് അയാളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയുടെ ചില ഭാഗങ്ങള്‍ മാത്രമാണ് ചിത്രീകരിച്ചതെന്നും സംഭവം ആവശ്യമില്ലാതെ വളച്ചൊടിക്കുകയാണെന്നും ഉദിത് പവാര്‍ ആരോപിച്ചു.
ഗ്രാമത്തിലുള്ളവരുടെ പരാതി താന്‍ ക്ഷമയോടെ കേള്‍ക്കുകയും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് പറയുകയും ചെയ്‌തിരുന്നു. താന്‍ പപ്പുവിനെതിരെയും ഗ്രാമത്തിലുള്ളവര്‍ക്കെതിരെയും യാതൊരു വിധ ശിക്ഷ നടപടി സ്വീകരിച്ചില്ലെന്ന് പറഞ്ഞ അദ്ദേഹം തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ നിരസിച്ചു.
എന്നാല്‍, ജില്ല മജിസ്‌ട്രേറ്റ് ശിവ്‌കാന്ത് ദ്വിവേദിയുടെ ഉത്തരവ് പ്രകാരം സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തി. പവാറിന്‍റെ ഓഫിസില്‍ ഒരു വ്യക്തി അപമാനിക്കപ്പെട്ടതായി കണ്ടെത്തി. അന്വേഷണത്തില്‍ പവാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ തന്നെ, ഉദിത്തിനെ എസ് ഡി എം സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും പുതിയ ഒരാളെ നിയമിക്കുകയും ചെയ്‌തുവെന്ന് ദ്വിവേദി അറിയിച്ചു.