ബങ്ക (ബിഹാര്‍): ഇല്ലാത്ത വയറുവേദന അഭിനയിച്ചും മുമ്പേ മരിച്ച മുത്തശ്ശനെയും മുത്തശ്ശിയെയുമെല്ലാം വീണ്ടും 'കൊലപ്പെടുത്തിയും' അവധി ഒപ്പിച്ചെടുത്ത മുന്‍കാല അനുഭവങ്ങള്‍ പങ്കിടുന്നവരാണ് നമ്മളില്‍ പലരും. പഴകിത്തുരുമ്പിച്ചതാണെന്ന പൂര്‍ണ ബോധ്യത്തോടെ സമാന കാരണങ്ങള്‍ പറഞ്ഞ് അധ്യാപകര്‍ മനഃപൂര്‍വം തന്നെ കണ്ണടച്ച് അനുവദിച്ചുതരുന്ന അവധിക്കായി കാത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ ഇന്നും കുറവല്ല. എന്നാല്‍ വിദ്യാര്‍ഥികളില്‍ നിന്ന് മാറി ഇത്തരം 'കാരണം കാണിക്കല്‍' ഉപയോഗിച്ച് പ്രധാന അധ്യാപകനില്‍ നിന്ന് അവധി നേടിയെടുക്കുന്ന അധ്യാപകരുമുണ്ട് എന്നത് കൂടി വ്യക്തമായിരിക്കുന്നു.
![Viral leave application government teacher Bihar Mother will die on december 5th Weird leave application ഡിസംബര്‍ അഞ്ചിന് അമ്മ മരിക്കും ലീവ് അനുവദിക്കണം ലീവ് വേറിട്ട ആവശ്യങ്ങള്‍ അവധിക്ക് അപേക്ഷിച്ച് അധ്യാപകര്‍ അവധി അധ്യാപകര്‍ ബങ്ക ബിഹാര്‍ അപേക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/1_0212newsroom_1669988824_932.jpg)
'ലീവുകള്‍' പലതരം: ബിഹാറിലെ അധ്യാപകരാണ് അവധിക്ക് അപേക്ഷിക്കുന്ന കാരണങ്ങളില്‍ 'ന്യൂജന്‍ മാര്‍ഗം' പരീക്ഷിച്ചിരിക്കുന്നത്. അടുത്ത ഒരാഴ്‌ചയ്‌ക്കുള്ളില്‍ അമ്മയുടെ മരണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും, ഒരു വിവാഹത്തില്‍ പങ്കെടുത്ത് അമിത ഭക്ഷണം കഴിച്ചതിനാല്‍ നാല് ദിവസത്തിനുള്ളില്‍ കലശലായ വയറുവേദനയുണ്ടാകാന്‍ സാധ്യതയുണ്ടാകുമെന്നും, അടുത്തയാഴ്‌ച അസുഖമുണ്ടാവാന്‍ സാധ്യതയുണ്ടെന്നുമെല്ലാം കാണിച്ചാണ് അധ്യാപകര്‍ പ്രധാന അധ്യാപകന് അവധിക്ക് അപേക്ഷ നല്‍കിയത്. അതേസമയം അധ്യാപകര്‍ 'കാഷ്യല്‍ ലീവിന്' അപേക്ഷിക്കുന്നുവെങ്കില്‍ അതിനുള്ള അപേക്ഷ മൂന്ന് ദിവസം മുമ്പ് തന്നെ നല്‍കണമെന്നുള്ള ജില്ല വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിനെതിരെയാണ് തങ്ങളുടെ വേറിട്ട രീതിയിലുള്ള പ്രതിഷേധമെന്ന് അധ്യാപകര്‍ അറിയിച്ചു.
ഒരു 'വൈറല്‍' അപേക്ഷ: ഇത്തരത്തില്‍ ഏറ്റവും കൗതുകമായതും സമൂഹമാധ്യമങ്ങളില്‍ വൈറലായി ഏറെ ചിരികള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടതും ബങ്ക ജില്ലയിലെ ധോരയ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കച്ചാരി പിപ്ര ഗ്രാമത്തിലെ അജയ് കുമാറിന്‍റെ പേരിലുള്ള അവധിക്കുള്ള അപേക്ഷയാണ്. 'സര്‍, എന്‍റെ അമ്മ ഡിസംബര്‍ അഞ്ച് തിങ്കളാഴ്‌ച രാത്രി എട്ട് മണിക്ക് മരണപ്പെടും. അമ്മയുടെ അന്ത്യകര്‍മങ്ങള്‍ക്കായി ഡിസംബര്‍ ആറിനും ഏഴിനും എനിക്ക് സ്‌കൂളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. അതുകൊണ്ടുതന്നെ എന്‍റെ അവധിക്കുള്ള അപേക്ഷ അംഗീകരിക്കണമെന്ന് അപേക്ഷിക്കുന്നു" എന്നായിരുന്നു അജയ് കുമാര്‍ അപേക്ഷയില്‍ കുറിച്ചിരുന്നത്. എന്നാല്‍ ഡിസംബര്‍ നാലിനും അഞ്ചിനും തനിക്ക് അസുഖമായിരിക്കുമെന്നും അതുകൊണ്ട് ഈ രണ്ട് ദിവസത്തെ അവധി അനുവദിക്കണമെന്നുമായിരുന്നു അതേ സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍റെ അവധിക്കുള്ള അപേക്ഷ.
![Viral leave application government teacher Bihar Mother will die on december 5th Weird leave application ഡിസംബര്‍ അഞ്ചിന് അമ്മ മരിക്കും ലീവ് അനുവദിക്കണം ലീവ് വേറിട്ട ആവശ്യങ്ങള്‍ അവധിക്ക് അപേക്ഷിച്ച് അധ്യാപകര്‍ അവധി അധ്യാപകര്‍ ബങ്ക ബിഹാര്‍ അപേക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/3_0212newsroom_1669988824_994.jpg)
പാളിപ്പോയ 'ട്രിക്ക്': ജില്ലയിലെ തന്നെ മറ്റൊരു പ്രദേശമായ കട്ടോറയിലെ ജംദാഹ മിഡില്‍ സ്‌കൂളിലെ അധ്യാപകനായ നീരജ് കുമാറും സമാനമായ മറ്റൊരു കാരണം കാണിച്ചാണ് പ്രിന്‍സിപ്പാളിന് അപേക്ഷ നല്‍കിയത്. അതില്‍ അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്: 'ഞാൻ ഡിസംബർ ഏഴിന് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നു. വിവാഹ ചടങ്ങിൽ ഞാൻ ഭക്ഷണം വളരെ ആസ്വദിച്ച് കഴിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ സര്‍, ഇതുകാരണം എനിക്ക് വയറുവേദന സംഭവിക്കും. ഇതുപരിഗണിച്ച് മൂന്ന് ദിവസം മുമ്പ് തന്നെ എന്‍റെ അവധിക്കുള്ള അപേക്ഷ സ്വീകരിക്കുക'. എന്നാല്‍ അപേക്ഷ പ്രധാന അധ്യാപകന്‍ നിരസിക്കുകയാണുണ്ടായത്.
![Viral leave application government teacher Bihar Mother will die on december 5th Weird leave application ഡിസംബര്‍ അഞ്ചിന് അമ്മ മരിക്കും ലീവ് അനുവദിക്കണം ലീവ് വേറിട്ട ആവശ്യങ്ങള്‍ അവധിക്ക് അപേക്ഷിച്ച് അധ്യാപകര്‍ അവധി അധ്യാപകര്‍ ബങ്ക ബിഹാര്‍ അപേക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/5_0212newsroom_1669988824_140.jpg)
'അവധികള്‍' വന്ന വഴി: അതേസമയം നവംബർ 29ന് ചേർന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ അവലോകന യോഗത്തിലാണ് അധ്യാപകര്‍ കാഷ്വൽ ലീവില്‍ പോകുന്നതിന് മൂന്ന് ദിവസം മുമ്പ് തന്നെ അവധിക്കുള്ള അപേക്ഷകള്‍ അയച്ച് അതില്‍ അംഗീകാരം നേടണമെന്ന് ഭഗൽപൂർ കമ്മീഷണർ ദയാനിധൻ പാണ്ഡെ ഉത്തരവിറക്കിയത്. എന്നാല്‍ ഉത്തരവിനെതിരെ പ്രതിഷേധിച്ച് കത്തുകള്‍ എത്തിത്തുടങ്ങിയതോടെ ബങ്ക ജില്ല വിദ്യാഭ്യാസ ഓഫീസര്‍ (ഡിഇഒ) പവൻകുമാര്‍ മറ്റൊരു കത്തുമായെത്തി.
![Viral leave application government teacher Bihar Mother will die on december 5th Weird leave application ഡിസംബര്‍ അഞ്ചിന് അമ്മ മരിക്കും ലീവ് അനുവദിക്കണം ലീവ് വേറിട്ട ആവശ്യങ്ങള്‍ അവധിക്ക് അപേക്ഷിച്ച് അധ്യാപകര്‍ അവധി അധ്യാപകര്‍ ബങ്ക ബിഹാര്‍ അപേക്ഷ](https://etvbharatimages.akamaized.net/etvbharat/prod-images/4_0212newsroom_1669988824_857.jpg)
കത്തിന് മറുപടി കത്തിലൂടെ: ഈ കത്ത് അധ്യാപകരെ ശല്യപ്പെടുത്താനുള്ളതല്ല എന്ന് ആദ്യം തന്നെ വ്യക്തമാക്കിയായിരുന്നു അദ്ദേഹത്തിന്‍റെ കത്ത്. സ്‌കൂളുകളില്‍ നടന്ന പരിശോധനകളില്‍ മിക്ക സ്‌കൂളുകളിലും മിക്ക അധ്യാപകരും അവധിയിൽ പോയതായും പഠനം മുടങ്ങിയതായും കണ്ടെത്തി. അതുകൊണ്ട് അധ്യാപകരുടെ അവധി കാരണം കുട്ടികളുടെ പഠനം മുടങ്ങരുതെന്ന് ആവശ്യപ്പെട്ടായിരുന്നു കമ്മീഷണറുടെ ഉത്തരവെന്ന് അദ്ദേഹം കത്തില്‍ വ്യക്തമാക്കി. ആവശ്യമെങ്കിൽ ആരെയും അവധിയില്‍ പോകുന്നതില്‍ നിന്ന് തടയില്ലെന്നും ചിലര്‍ ബോധപൂര്‍വം ഈ വിഷയത്തിൽ അനാവശ്യ പ്രാധാന്യം നല്‍കുന്നുവെന്നും ഡിഇഒ കത്തില്‍ കൂട്ടിച്ചേര്‍ത്തു.