ചണ്ഡീഗഡ്: ആശുപത്രികളിലെ വിഐപി സന്ദര്‍ശനങ്ങള്‍ കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനെ ബാധിക്കരുതെന്ന് ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ്. സന്ദര്‍ശനങ്ങള്‍ രോഗികളെ ബുദ്ധിമുട്ടിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാനത്തെ എല്ലാ ചീഫ് മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി. ആദ്യ പരിഗണന രോഗികള്‍ക്കും അവര്‍ക്കുള്ള ചികിത്സയ്ക്കുമാണ്, അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതെ നോക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ അടിയന്തര സര്‍വീസായ 'ഡയല്‍ 112'ന്‍റെ 20 വാഹനങ്ങള്‍ വീതം എല്ലാ ജില്ലകള്‍ക്കും ആംബുലന്‍സുകളായി ഉപയോഗിക്കാന്‍ വിട്ടുനല്‍കണമെന്നും അനില്‍ വിജ് ഉത്തരവിറക്കിയിരുന്നു. സ്ട്രെച്ചര്‍ സംവിധാനമടക്കം ഉള്ള വാഹനങ്ങളാണ് ഡയല്‍ 112 വാഹനങ്ങള്‍. ഔദ്യോഗിക കണക്കനുസരിച്ച് നിലവില്‍ 88,860 രോഗികളാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 3,67,317 ആളുകള്‍ക്കാണ് രോഗം ബാധിച്ചത്.