കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയ. ടിഎംസിയുടെ അവസാന ആയുധം അക്രമമാണെന്നും മെയ് 2ഓടെ ടിഎംസിയുടെ അക്രമ രാഷ്‌ട്രീയം അവസാനിക്കുമെന്നും ബിജെപി നേതാവ് പ്രത്യാശ പ്രകടിപ്പിച്ചു. ബംഗാളില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപി 30 സീറ്റുകളില്‍ 26 എണ്ണം നേടുമെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി എല്ലാ സീറ്റിലും വിജയിച്ചാലും അദ്ഭുതപ്പെടാനില്ലെന്ന് കൈലാഷ് വിജയ്‌വര്‍ഗിയ കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ അവരുടെ ഇഷ്‌ടത്തിനനുസരിച്ചാണ് വോട്ട് നല്‍കിയതെന്നും ജനങ്ങള്‍ ബിജെപിയെ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 27നാണ് പശ്ചിമ ബംഗാളില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 79.9 ശതമാനം വോട്ടിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പുരുലിയ, ജർഗ്രാം എന്നീ നിയമസഭ മണ്ഡലങ്ങളിലും ബങ്കുര, പുര്‍ബ മെദ്‌നിപ്പൂര്‍, പശ്ചിം മേദ്‌നിപ്പൂര്‍ എന്നീ മേഖലകളുടെ ഒരു വിഭാഗത്തിലുമായിരുന്നു ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 30 സീറ്റുകളിലായി 191 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. ഇതില്‍ 21 വനിതാ സ്ഥാര്‍ഥികളും ഉള്‍പ്പെടുന്നു. ബംഗാളില്‍ എട്ടു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് ഏപ്രില്‍ 29ന് അവസാനിക്കും. മെയ് 2ന് ഫലം പ്രഖ്യാപിക്കും.