ജെഹാനാബാദ്/ ബിഹാർ : തങ്ങളുടെ ഗ്രാമത്തിൽ നിന്നും ഒരു ഐഎഎസ് ഓഫിസർ എന്ന ആഗ്രഹം നിറവേറ്റാൻ ഒറ്റക്കെട്ടായി പ്രവർത്തിച്ച് മാതൃകയാവുകയാണ് ബിഹാറിലെ ജെഹാനാബാദ് ജില്ലയിലെ സുമേര ഗ്രാമം. ഗ്രാമത്തിൽ പഠിക്കാൻ ഏറ്റവും മിടുക്കിയായ പ്രിയാൻഷു കുമാരിയെന്ന വിദ്യാർഥിനിയെ ഐ.എ.എസ് ഓഫിസർ ആക്കുന്നതിനായി അവളുടെ പഠന ചെലവ് ഏറ്റെടുത്തിരിക്കുകയാണ് ഈ ഗ്രാമത്തിലെ ജനങ്ങൾ.
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന പ്രിയാൻഷുവാണ് ബോർഡ് പരീക്ഷയിൽ 472 മാർക്കുമായി ജില്ല ടോപ്പർ. പഠിച്ച് ഒരു ഐ.എ.എസ് ഓഫിസർ ആകണമെന്നാണ് പ്രിയാൻഷുവിന്‍റെ ആഗ്രഹം. എന്നാൽ തുടർ പഠനത്തിനായുള്ള ചെലവ് ഈ കുടുംബത്തിന് താങ്ങാൻ കഴിയുന്നതായിരുന്നില്ല. തുടർന്നാണ് ആ ദൗത്യം ഗ്രാമവാസികകൾ ഒന്നടങ്കം ഏറ്റെടുത്തത്.
പ്രിയാൻഷുവിന്‍റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി പണം സ്വരൂപിക്കാൻ ഗ്രാമത്തിലെ വിരമിച്ച സൈനികൻ സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. മുൻ സുമേര പഞ്ചായത്ത് മേധാവി ദയാനന്ദ് പ്രസാദ്, യൂത്ത് ഐക്കൺ അമിത് കുമാർ, റോഷൻ കുമാർ തുടങ്ങിയവരും രാഷ്‌ട്രീയ പ്രവർത്തകരും നാട്ടുകാരും ഇതിൽ പങ്കാളികളായി.
'എന്‍റെ കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ്. ഇതുവരെയുള്ള പഠനത്തിൽ ഞാൻ വളരെയധികം ബുദ്ധിമുട്ടുകൾ അനുഭവിച്ചു. സാമ്പത്തിക സ്ഥിതി നന്നായിരുന്നെങ്കിൽ എന്‍റെ ബോർഡ് പരീക്ഷാഫലം ഇതിലും മികച്ചതായേനേ. ഭാവിയിലും ഇതേ പ്രശ്‌നം നേരിടേണ്ടി വരും. എന്നാൽ ഇപ്പോൾ എന്നെ സഹായിക്കാമെന്ന് ഗ്രാമവാസികൾ ഉറപ്പ് നൽകിയിട്ടുണ്ട്. ഇത് എന്‍റെ ഭാവി പഠനത്തെ കൂടുതൽ സഹായിക്കും' - പ്രിയാൻഷു പറഞ്ഞു.
ടോപ്പറായ മകൾക്ക് കൂടുതൽ പഠിച്ച് വലിയ ഓഫിസറാകണമെന്നാണ് ആഗ്രഹമെന്ന് പ്രിയാൻഷുവിന്‍റെ മുത്തശ്ശി സുമിത്ര ദേവിയും പറഞ്ഞു. എന്നാൽ കൂടുതൽ പണം മുടക്കി പഠിപ്പിക്കാനോ നല്ല സ്ഥാപനത്തിൽ നിന്ന് വിദ്യാഭ്യാസം നേടാനോ കഴിയുന്ന തരത്തിലല്ല തങ്ങളുടെ അവസ്ഥ. ഇപ്പോൾ ഗ്രാമവാസികളുടെ സഹായം ലഭിച്ചതോടെ പ്രതീക്ഷയുടെ ഒരു കിരണം ഉയർന്നിട്ടുണ്ട്. സുമിത്ര ദേവി കൂട്ടിച്ചേർത്തു.