ചെന്നൈ: തമിഴ്‌നാട്ടിലെ ഒരു കൊച്ചുഗ്രാമം യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വിജയം ഏറെ ആഘോഷിച്ചു. അധികമൊന്നും അറിയപ്പെടാത്ത ഈ ചെറിയ ഗ്രാമപ്രദേശം അമേരിക്കൻ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‍റെ വിജയത്തിലാണ് ഏറെ സന്തോഷിച്ചത്. വാഷിങ്‌ടൺ ഡിസിയിലെ വൈറ്റ് ഹൗസില്‍ നിന്നും ഏതാണ്ട് 14,000 കിലോമീറ്റര്‍ അകലെയാണ് പൈങ്കനാട്-തുളസേന്ദ്രപുരം എന്ന കൊച്ചു ഗ്രാമം. ഇവിടെയാണ് കമല ഹാരിസിന്‍റെ അമ്മയുടെ അച്ഛന്‍ പി.വി ഗോപാലും അമ്മ രാജവും താമസിച്ചിരുന്നത്.
പൈങ്കനാട്-തുളസേന്ദ്രപുരം ഗ്രാമത്തില്‍ എത്തിച്ചേരാന്‍ തഞ്ചാവൂരില്‍ നിന്നും റോഡ് വഴി മണ്ണാര്‍ഗുഡിയിലേക്ക് 45 കിലോമീറ്റര്‍ സഞ്ചരിക്കണം. നിലവില്‍ ഈ ഗ്രാമത്തില്‍ ഏതാണ്ട് 70 കുടുംബങ്ങളാണ് താമസിക്കുന്നത്. 1911ല്‍ ഇവിടെ ജനിച്ച ഗോപാലന്‍ തനിക്ക് 20 വയസുള്ളപ്പോഴാണ് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ പങ്കു ചേരാന്‍ ഗ്രാമം വിട്ടു പോയത്. പിന്നീട് അദ്ദേഹം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി മാറി. അമേരിക്കയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ പൈങ്കനാട്-തുളസേന്ദ്രപുരം ഗ്രാമവാസികൾ ക്ഷേത്രത്തിന് മുന്നിൽ കമല ഹാരിസിന്‍റെ വിജയത്തിന് വേണ്ടി പ്രാർഥിക്കുകയായിരുന്നു. വോട്ടെണ്ണലിനും പ്രാർഥനകള്‍ തുടർന്നു.
കമലയുടെ അമ്മ ശ്യാമളക്ക് 1950ല്‍ അമേരിക്കയിൽ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ ഗോപാലന്‍ മകളെ ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് അയച്ചു. യുഎസിൽ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നതിനിടയില്‍ ഡോക്‌ടർ ശ്യാമള ഗോപാലന്‍ ജമൈക്കക്കാരനായ ഡൊണാള്‍ഡ് ഹാരിസിനെ വിവാഹം ചെയ്‌തു. ഇവർക്ക് രണ്ട് പെൺമക്കൾ ജനിച്ചു. കമലയും മായയും. കമലയുടെ ഇളയ സഹോദരിയായ മായ ഹാരിസ് അഭിഭാഷകയാണ്. കമല ഹാരിസ് ആഗ്രഹിച്ചത് നേടിയെടുത്തു എന്നാണ് കമലയുടെ അമ്മയുടെ സഹോദരി ഡോക്‌ടർ സരള ഗോപാലന്‍ പറയുന്നത്.
ഗ്രാമത്തിലെ ശ്രീ ധർമശാസ്‌താ അയ്യനാര്‍ ക്ഷേത്രത്തിന് കമലയുടെ കുടുംബത്തില്‍ നിന്നും സംഭാവനകള്‍ ലഭിച്ചതിൽ ഇപ്പോള്‍ അഭിമാനിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കമലയുടെ കുടുംബം ഈ ഗ്രാമം വിട്ടു പോയെങ്കിലും ക്ഷേത്രത്തിലേക്ക് സംഭാവനകള്‍ ലഭിക്കുന്നുണ്ട് എന്നാണ് ക്ഷേത്ര ട്രസ്റ്റി പറയുന്നത്. മാത്രമല്ല, ക്ഷേത്രത്തിലെ പ്രസാദം പതിവായി കമലയുടെ അമ്മാവനും അമ്മായിക്കും കൊടുത്തയക്കുന്നുണ്ട്. പൈങ്കനാട്-തുളസേന്ദ്രപുരവും തമിഴ്‌നാടും മാത്രമല്ല, ഇന്ത്യ മുഴുവനും കമല ഹാരിസിന്‍റെ നേട്ടത്തിലും നിശ്ചയദാർഢ്യത്തിലും അഭിമാനം കൊള്ളുകയാണ്.