ന്യുഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബോക്‌സിംഗ് താരവും ഒളിംപിക് മെഡല്‍ ജേതാവുമായ വിജേന്ദര്‍ സിങ്. ഡൽഹിയിലെ സമരവേദിയിൽ നേരിട്ടെത്തി വിജേന്ദർ സിങ് കർഷകരെ അഭിസംബോധന ചെയ്തു. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് തിരിച്ചു നല്‍കുമെന്നും വിജേന്ദര്‍ പറഞ്ഞു.
കർഷകരില്ലാതെ നിലനിൽപില്ലെന്നും പഞ്ചാബിനോട് താൻ ഒരുപാട് കടപ്പെട്ടിരിക്കുന്നുവെന്നും വിജേന്ദർ പറഞ്ഞു. ''എന്‍റെ കരിയറിലെ ഭൂരിഭാഗം സമയവും ചിലവഴിച്ചത് പാട്യാലയിലെ ദേശിയ കായിക അക്കാദമിയിലായിരുന്നു. അവരുടെ ഭക്ഷണമാണ് ഞാൻ കഴിച്ചത്. കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു, രാജ്യം മുഴുവന്‍ പിന്തുണയ്ക്കണം. കര്‍ഷകരില്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല'', വിജേന്ദർ പറഞ്ഞു.
ഇതിനോടകം പഞ്ചാബിൽ നിന്നു മാത്രം മുപ്പതിലധികം കായിക താരങ്ങൾ അവാര്‍ഡുകള്‍ മടക്കി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗുര്‍ബക്‌സ് സിങ് സന്ധു, കൗര്‍ സിങ്, ജപല്‍ സിങ് തുടങ്ങിയവരും തങ്ങള്‍ക്ക് കിട്ടിയ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.