ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ ദുരഭിമാനക്കൊല. ദളിത് യുവാവിനെയും സുഹൃത്തായ പെൺകുട്ടിയെയും കെട്ടിയിട്ട് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സൽദഹള്ളി സ്വദേശിയായ ബസവരാജ് മഡിവൽപാ ബഡിഗർ (19), ദവൽബി തമ്പാട് (18) എന്നിവരാണ് കൊല്ലപ്പെട്ടത്.
also read:കോട്‌കാപുര വെടിവയ്‌പ്പ്: ജൂൺ 26ന് ഹാജരാകാൻ സുഖ്‌ബീർ ബാദലിന് എസ്ഐടി സമൻസ്
പെൺകുട്ടിയുടെ അച്ഛനും ബന്ധുക്കളും ചേർന്നാണ് കൊല നടത്തിയത്. ദളിത് വിഭാഗത്തിൽപ്പെട്ട യുവാവും മുസ്ലിം സമുദായ അംഗമായ പെൺകുട്ടിയും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിലുള്ള ബന്ധത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു.
ചൊവ്വാഴ്ച ഇരുവരും സംസാരിക്കുന്നത് കണ്ട പ്രദേശവാസികൾ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള മർദനത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇരുവരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവം നടത്തിയതിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.